ചോക്കാട് സഹകരണ ബാങ്ക് അഴിമതിഏത് അന്വേഷണത്തിനും തയ്യാറെന്ന് സിപിഎം

കാളികാവ്: ചോക്കാട് സഹകരണ ബാങ്കിന്റെ പേരിലുള്ള അഴിമതി ആരോപണത്തില്‍ ഏത് അന്വേഷണത്തിനും തയ്യാറെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി അറിയിച്ചു. ബാങ്കില്‍ സാമ്പത്തികവും ഭരണപരവുമായ വിഷയത്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് യുഡിഎഫ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സിപിഎം ഏരിയാ സെക്രട്ടറിയും ബാങ്കിലെ ജൂനിയര്‍ ക്ലര്‍ക്കുമായ ഇ പത്മാക്ഷന്‍ ബിനാമിയെ കൊണ്ട് ജോലി ചെയ്യിപ്പിച്ച് ശമ്പളം കൈപറ്റിയെന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍, ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്തിനു ശേഷം അദ്ദേഹം ദീര്‍ഘാവധിയിലാണ്. ഒരു രൂപ പോലും പത്മാക്ഷന്‍ കൈപ്പറ്റിയിട്ടില്ല. ഇതിന്റെ തെളിവും രേഖയും ആര്‍ക്കും പരിശോധിക്കാം. മരിച്ചയാളുകളുടെ പേരിലുള്ള പെന്‍ഷന്‍ തുക തിരിമറി നടത്തിയെന്ന ആരോപണം വസ്തുതാ വിരുദ്ധമാണ്.
കാര്‍ഷിക വായ്പകള്‍ക്ക് അമിത പലിശയിലാക്കിയെന്ന ആരോപണവും ഭാരവാഹികള്‍ നിഷേധിച്ചു. നബാഡിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് മാത്രമാണ് കാര്‍ഷിക വായ്പ നല്‍കുന്നത്. യുഡിഎഫ് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരേ ഉയര്‍ന്ന സത്രീ പീഡന ആരോപണത്തെ മറികടക്കാനാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി യുഡിഎഫ് രംഗത്ത് വന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു.

RELATED STORIES

Share it
Top