ചൊവ്വാ പുഴയിലെ കൈയേറ്റം: ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നുവടകര: മണിയൂര്‍ പഞ്ചായത്തിലെ ചൊവ്വാപ്പുഴയിലെ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി പാലയാട് നട മല്‍സ്യ ഭവനു സമീപം മുതല്‍ കൈയേറ്റ ഭൂമി അളന്ന് തിട്ടപ്പെടുത്താനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. ചൊവ്വാ പുഴയിലെ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കലക്ടറുടെ നിര്‍ദ്ദേശാനുസരണം ജില്ലാ സര്‍വേ സുപ്രണ്ടിന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും പരാതിക്കാരുടെയും യോഗം ചേര്‍ന്നിരുന്നു. കൈയേറ്റ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ സര്‍വേയറെ പ്രത്യേകമായി നിയമിച്ചു. വടകര സര്‍വേ സുപ്രണ്ടിന്റെയും വടകര സര്‍വേ ഓഫിസിലെ മറ്റു സര്‍വേയര്‍മാരുടെയും സേവനവും ഇതിന് ഉപയോഗപ്പെടുത്താനും തീരുമാനമായി. ചുമതലപ്പെട്ട ഉദ്യോഗസ്ഥനായ സര്‍വേയര്‍ താലൂക്ക് ഓഫിസിലെത്തി ചാര്‍ജ് ഏറ്റെടുത്തു. തുടര്‍ന്നാണ് കൈയേറ്റ ഭൂമി അളന്ന് തിട്ടപ്പെടുത്താനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആവശ്യമായ പശ്ചാത്തല സൗകര്യം പഞ്ചായത്ത് ഭരണസമിതി ഒരുക്കി.മണിയൂര്‍ പഞ്ചായത്തില്‍ സ്വകാര്യ വ്യക്തികള്‍ കൈയടക്കിയ 395 ഏക്കര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പാലയാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, റവന്യുമന്ത്രി, തദ്ദേശസ്വയംഭരണ മന്ത്രി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കൈയേറ്റ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ ഗവണ്‍മെന്റ് തീരുമാനിച്ചത്.

RELATED STORIES

Share it
Top