ചൈല്‍ഡ്‌ലൈന്‍ ഫുട്‌ബോള്‍ ജഴ്‌സി പ്രകാശനം ചെയ്തു

മലപ്പുറം: കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടഞ്ഞ് ബാലസൗഹൃദ ദേശം സാധ്യമാക്കുന്നതിനുമായി ചൈല്‍ഡ്‌ലൈന്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫുട്‌ബോള്‍ ടീമിനെ ഗ്രൗണ്ടിലിറക്കുന്നു. നല്ല ആരോഗ്യത്തിനായി തിരിതെളിക്കാം എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മികച്ച കൗമാരതാരങ്ങളെ അണിനിരത്തി ഒരു ടീമിനെ വിവിധ പ്രദേശങ്ങളിലെ ഫഌഡ്‌ലിറ്റ് ഫുട്‌ബോള്‍ മേളകളില്‍ പങ്കെടുപ്പിക്കും. സംസ്ഥാനതലത്തിലെ ആദ്യ സംരംഭമാണിത്.
ടീം ചൈല്‍ഡ്‌ലൈനിന്റെ ഔദ്യോഗിക ജഴ്‌സിയുടെ പ്രകാശനം കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ അമിത് മീണ, ഐഎസ്എല്‍ താരം ആഷിക് കുരുണിയനു നല്‍കി പ്രകാശനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി വരുന്ന അധ്യയന വര്‍ഷത്തില്‍ സബ്ജില്ലാ സ്‌കൂള്‍ ഫുട്‌ബോള്‍ ചാംപ്യന്‍മാര്‍ക്ക് ചൈല്‍ഡ്‌ലൈനിന്റെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കും. ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ശിശുദിനമായ നവംബര്‍ 20ന് നടക്കും. സ്‌കൂളുകളില്‍ കായിക വിനോദങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കുന്നതിനും, മികച്ച കായിക താരങ്ങളെ ഉയര്‍ത്തികൊണ്ടുവരുന്നതിനും ശാരീരികവും മാനസികവുമായ ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ഇത്തരം ഒരു പദ്ധതിയുമായി ചൈല്‍ഡ്‌ലൈന്‍ മുന്നോട്ടുവന്നിട്ടുള്ളത്.
സൈബര്‍ ലഹരിയുടെയും മയക്കുമരുന്നുകളുടെയും ഉപയോഗംമൂലം മാനസിക ശാരീരികാരോഗ്യമില്ലാത്ത പുതുതലമുറ വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ നൂതന പദ്ധതിയിലൂടെ പുതു മാതൃക സൃഷ്ടിക്കാനാവുമെന്നാണ് പ്രതീക്ഷ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, വൈസ്പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, പെരിന്തല്‍മണ്ണ ആര്‍ഡിഒ കെ അജീഷ്, ചൈല്‍ഡ്‌ലൈന്‍ കോ-ഓഡിനേറ്റര്‍ സി പി സലീം, അന്‍വര്‍ കാരക്കാടന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top