ചൈന: വൈഗൂറുകളെ നിരീക്ഷിക്കാന്‍ 40,000 കാമറകള്‍

ബെയ്ജിങ്: ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയിലെ വംശീയ ന്യൂനപക്ഷമായ വൈഗൂര്‍ മുസ്‌ലിംകളെ നിരീക്ഷിക്കുന്നതിന് സ്ഥാപിച്ചത് 40,000 കാമറകള്‍. മുഖം തിരിച്ചറിയല്‍ ശേഷിയുള്ള 40,000 കാമറകളാണ് ചൈന സ്ഥാപിച്ചിരിക്കുന്നത്. എല്ലാ വൈഗൂറുകളുടെയും ഡിഎന്‍എയും രക്തസാംപിളുകളും ശേഖരിച്ചുവച്ചിട്ടുമുണ്ട്.
ചൈനയിലെ പുതിയ നിയമപ്രകാരം വൈഗൂറുകളെ നിയന്ത്രിക്കുന്നതിന് സങ്കേതിക വിദ്യ ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം ഐടി കമ്പനികള്‍ നിരീക്ഷണത്തിനു സഹായിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനു സഹായകമാവുന്ന വിധത്തില്‍ ഗൂഗഌന്റെ പദ്ധതി ചൈനയില്‍ ആരംഭിക്കുന്നുണ്ട്. ചൈനീസ് ഭരണകൂടം വൈഗൂറുകളോടു തുടരുന്ന അടിച്ചമര്‍ത്തല്‍ നയങ്ങളെ സഹായിക്കുന്ന തരത്തിലാവും ഗൂഗഌന്റെ ഇടപെടലെന്നും ആശങ്കയുണ്ട്.
ടെലികമ്മ്യൂണിക്കേഷന്‍സ് ഓപറേറ്റര്‍മാര്‍ വൈഗൂറുകളെ നിരീക്ഷിക്കുന്നതില്‍ ചൈനയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കണമെന്നാണ് നിയമത്തിലെ 28ാം വകുപ്പ് പറയുന്നത്. ശബ്ദത്തിലൂടെയോ സന്ദേശത്തിലൂടെയോ രാജ്യവിരുദ്ധ സന്ദേശങ്ങള്‍ പടരുന്നത് തടയാനും കമ്പനികള്‍ക്ക് നിര്‍ദേശമുണ്ട്. ഭരണകൂട വിരുദ്ധമായ സന്ദേശങ്ങള്‍ പ്രചരിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവ ഡിലീറ്റ് ചെയ്യണമെന്നും തെളിവ് സൂക്ഷിക്കണമെന്നും നിയമത്തില്‍ പറയുന്നു.
ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറണമെന്നും കമ്പനികള്‍ക്ക് നിര്‍ദേശമുണ്ട്. ഗൂഗ്ള്‍ ചൈനയില്‍ അവതരിപ്പിക്കാന്‍ പോവുന്ന സര്‍ച്ച് എന്‍ജിനും പുതിയ നിയമങ്ങള്‍ ബാധകമാവും. നിരവധി സൈറ്റുകളും പദങ്ങളും ബ്ലോക്ക് ചെയ്തായിരിക്കും സര്‍ച്ച് എന്‍ജിന്‍ അവതരിപ്പിക്കുക.
ജനാധിപത്യം, മനുഷ്യാവകാശം, മതം എന്നീ പദങ്ങളൊന്നും തിരയാനാവില്ല. വൈഗൂറുകളിലെ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ടെലികോം കമ്പനികള്‍ പ്രത്യേകമായി ശേഖരിച്ച് അവര്‍ നടത്തുന്ന അന്വേഷണങ്ങളും ഓണ്‍ലൈന്‍ ഇടപാടുകളും നിരീക്ഷിക്കാനും സംവിധാനമുണ്ട്. ഇതിനെല്ലാം പുറമെയാണ് വൈഗൂര്‍ മേഖലയില്‍ സദാസമയ നിരീക്ഷണത്തിന് കാമറകള്‍ സ്ഥാപിച്ചത്.

RELATED STORIES

Share it
Top