ചൈന രണ്ടുവര്‍ഷത്തിനിടെ 18 സിഐഎ ചാരന്‍മാരെ വധിച്ചു

വാഷിങ്ടന്‍: ചാരവൃത്തിയിലൂടെ രാജ്യരഹസ്യങ്ങള്‍ ചോര്‍ത്താനുള്ള യുഎസ് നീക്കം തകര്‍ത്തതായി ചൈന. 2010നും 2012നും ഇടയില്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ 18 അംഗങ്ങളെ വധിച്ചെന്നാണ് ചൈനീസ് വെളിപ്പെടുത്തല്‍. നിരവധി പേരെ തടവിലാക്കിയതായും റിപോര്‍ട്ടുണ്ട്. സിഐഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്. ചാരപ്രവര്‍ത്തനത്തില്‍ അഗ്രഗണ്യരായ യുഎസിന് പതിറ്റാണ്ടുകള്‍ക്കിടെ ഈ മേഖലയില്‍ ഏറ്റ വന്‍ തിരിച്ചടിയാണിതെന്നാണ് റിപോര്‍ട്ട്. വിദേശത്തുള്ള ചാരന്‍മാരുമായി സിഐഎ അധികൃതര്‍ നടത്തിയ സംഭാഷണങ്ങള്‍ ചോര്‍ത്തിയാണ് യുഎസ് ചാരപ്രവര്‍ത്തനം ചൈന പൊളിച്ചതെന്നാണ് സൂചന. അതേസമയം, സിഐഎയിലെതന്നെ ഒരു വിഭാഗം ചതിച്ചതാണ് തിരിച്ചടിക്കു പിന്നിലെന്ന് കരുതുന്നവരും ഉണ്ട്. ചാരവൃത്തിയിലെ ഏറ്റവും ദുഷ്‌കര കാലമാണ് ഈ ദശാബ്ദത്തിലേതെന്ന് യുഎസ് വ്യക്തമാക്കുന്നു. യുഎസ് ചാരവൃത്തി നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ചൈനയുടെ സ്ഥാനം. ചൈനയിലെ ശക്തമായ സുരക്ഷാ സംവിധാനങ്ങളെ ഭേദിക്കുന്നതു പ്രയാസമാണെന്ന് യുഎസ് സമ്മതിക്കുന്നു. ചാരവൃത്തിക്കേസില്‍ യുഎസ് വനിതയെ ചൈന അടുത്തിടെ ശിക്ഷിച്ചിരുന്നു.

RELATED STORIES

Share it
Top