ചൈന : മനുഷ്യാവകാശ പ്രവര്‍ത്തകന്റെ വിചാരണ തുടങ്ങിബീജിങ്: ചൈനീസ് തടവിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ ഷീ യാങിന്റെ വിചാരണ തുടങ്ങി. വിചാരണയുടെ മൂന്ന് ദിവസം മുമ്പ് വിവരം കൈമാറണമെന്ന നിയമം ചൈനയിലുണ്ടെങ്കിലും ബന്ധുക്കളെയോ അഭിഭാഷകരെയോ മുന്‍കൂട്ടി അറിയിക്കാതെയാണ് ഷീ യാങിന്റെ വിചാരണ ആരംഭിച്ചത്. ഷീ യാങിനെതിരായ നടപടികള്‍ രഹസ്യമാക്കിയെന്നും വിചാരണ നടപടികള്‍ മുന്‍കൂട്ടി അറിയിക്കാത്തതിനാല്‍ വേണ്ട മുന്‍കരുതലെടുക്കാനായില്ലെന്നും ഷീ യാങിനെ അനുകൂലിക്കുന്നവര്‍ വാര്‍ത്താ ഏജന്‍സികളോട് പ്രതികരിച്ചു. 2015ലടക്കം പല സമയങ്ങളിലായി ചൈനയില്‍ നടന്ന നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ പുറത്തെത്തിക്കുകയും ലോകശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തയാളാണ് ഷീ യാങ്. അന്താരാഷ്ട്ര തലത്തില്‍ ചൈനീസ് ഭരണകൂടത്തിന് നാണക്കേട് വരുത്തുന്നതിന് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമായിരുന്നു. ഭരണകൂടത്തിനെതിരായി പ്രവര്‍ത്തിച്ചു എന്നതാണ് ഷീ യാങ് നേരിടുന്ന പ്രധാന ആരോപണം. തനിക്കെതിരേ ക്രൂരമായ മര്‍ദനങ്ങളാണ് അധികാരികള്‍ നടത്തുന്നതെന്ന് ഷീ യാങ് നേരത്തേ ആരോപിച്ചിരുന്നു. ഉറങ്ങാന്‍ അനുവദിക്കാതിരിക്കുക, കഠിനമായി മര്‍ദിക്കുക, വധഭീഷണി മുഴക്കുക തുടങ്ങിയവയാണ് ഇദ്ദേഹത്തിന് നേരിടേണ്ടി വന്നത്. ഷീ യാങിനെതിരായ മനുഷ്യാവകാശ ലംഘനത്തില്‍ യൂറോപ്യന്‍ യൂനിയന്‍ ഇടപെട്ടിരുന്നു.  സംഭവം യുഎന്‍ മനുഷ്യാവകാശ സംഘടനയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് ഷീ യാങിന്റെ മുന്‍ അഭിഭാഷകന്‍ ചെന്‍ ജിയാങ്ഗാനെതിരേയും ചൈനീസ് ഭരണകൂടം നടപടി എടുത്തിരുന്നു. ഷീ യാങിനെതിരായ നടപടികളില്‍ തെറ്റിദ്ധാരണ പരത്തുന്ന വിധത്തില്‍ വിവരങ്ങള്‍ വാര്‍ത്തകള്‍ നല്‍കി എന്നായിരുന്നു ഇദ്ദേഹത്തിനെതിരേ ആരോപിച്ചിരുന്ന കുറ്റം.

RELATED STORIES

Share it
Top