ചൈന: നൊബേല്‍ ജേതാവിന്റെ ഭാര്യക്ക് വീട്ടുതടങ്കലില്‍ നിന്നു മോചനം

ബെയ്ജിങ്: ചൈനയില്‍ ജയിലിലടയ്ക്കപ്പെട്ട് ഒടുവില്‍ മരിച്ച സമാധാന നൊബേല്‍ ജേതാവ് ലിയു ഷിയാബോയുടെ ഭാര്യ ലിയു ഷിയാക്ക് വീട്ടുതടങ്കലില്‍ നിന്നു മോചനം. ഇവര്‍ക്ക് രാജ്യം വിടാന്‍ അനുമതിനല്‍കി. ജര്‍മനിയിലേക്കാണ് ലിയു ഷിയ പോയതെന്നു കുടുംബ സുഹൃത്തുക്കള്‍ പറഞ്ഞതായി ബിബിസി റിപോര്‍ട്ട് ചെയ്യുന്നു.
ഗവണ്‍മെന്റിനെതിരേ അട്ടിമറി പ്രവര്‍ത്തനം നടത്തുന്നതായി ആരോപിച്ചാണ് ലിയു ഷിയാബോയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ലിവര്‍ കാന്‍സറിനെ തുടര്‍ന്ന് മരിച്ച ലിയു ഷിയാബോയുടെ മൃതദേഹം കടലില്‍ തള്ളുകയായിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏകകക്ഷി ഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു നിരന്തര പ്രചാരണം നടത്തിയിരുന്ന ലിയു ഷിയാബോയെ “ചൈനീസ് മണ്ടേല’ എന്നാണ് പാശ്ചാത്യ ലോകം വിശേഷിപ്പിച്ചിരുന്നത്. 2017 ജൂണ്‍ 26ന് മെഡിക്കല്‍ പരോളില്‍ അദ്ദേഹം ജയിലില്‍ നിന്നിറങ്ങിയെങ്കിലും ജൂലൈ 13ന് അന്തരിച്ചു. 2009 മുതല്‍ ജയിലിലായിരുന്ന ലിയു ഷിയാബോ സര്‍വകലാശാലാ അധ്യാപകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്നു. 2010ല്‍ സമാധാന നൊബേല്‍ സമ്മാനം ലിയു ഷിയാബോയെ തേടിയെത്തി. ഇതിനു പിന്നാലെ ഭാര്യ ലിയു ഷിയ വീട്ടുതടങ്കലിലായിരുന്നു. കേസൊന്നുമില്ലാതെയാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ലിയു ഷിയായെ വീട്ടുതടങ്കലിലാക്കിയത്. ബെയ്ജിങില്‍ നിന്നു ബെര്‍ലിനിലേക്ക് ഫിന്‍ എയര്‍ വിമാനത്തില്‍ ചൊവ്വാഴ്ച പകല്‍ ലിയു പോയതായാണ് സുഹൃത്ത് യെ ഡു മാധ്യമങ്ങളോട് പറഞ്ഞത്. ലിയുവിനെ ചൈന വിടാന്‍ അനുവദിക്കണമെന്നു ജര്‍മനി ചൈനയോട് കുറച്ചുകാലമായി ആവശ്യപ്പെട്ടു വരുകയായിരുന്നു.
ലിയു ഷിയാബോയുടെ ചരമദിനത്തിനു മൂന്നു ദിവസം മുമ്പാണ് ഭാര്യ ലിയു ഷിയ രാജ്യംവിടുന്നത്.

RELATED STORIES

Share it
Top