ചൈനയ്ക്കുമേല്‍ യുഎസ് ഉപരോധം; ഇന്ത്യക്ക് മുന്നറിയിപ്പ്‌

വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് പോര്‍വിമാനങ്ങളും മിസൈലുകളും വാങ്ങിയ ചൈനീസ് സൈന്യത്തിനു മേല്‍ യുഎസ് ഉപരോധമേര്‍പ്പെടുത്തി. യുഎസ് രാഷ്ട്രീയത്തിലെ ഇടപെടലിന്റയും ഉക്രെയ്‌നിലെ റഷ്യന്‍ നടപടിയുടെയും പേരില്‍ റഷ്യക്കു മേല്‍ നേരത്തെ തന്നെ യുഎസ് ഉപരോധം നിലനില്‍ക്കുന്നുണ്ട്.
യുദ്ധവിമാനങ്ങളായ റഷ്യന്‍ സുഖോയ് സു 35ഉം എസ് 400 മിസൈലുകളുമാണ് ചൈന റഷ്യയില്‍ നിന്ന് വാങ്ങിയത്. ചൈനയുടെ എക്യുപ്‌മെന്റ് ഡെവലപ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റ്(ഇഡിഡി), മേധാവി ലി ഷാങ്ഫു എന്നിവര്‍ക്കാണ് ഉപരോധമേര്‍പ്പെടുത്തിയത്. ഇഡിഡിയെയും ലിയെയും കരിമ്പട്ടികയില്‍പ്പെടുത്തി. ലിക്ക് യുഎസില്‍ വസ്തുവകകള്‍ ഉണ്ടെങ്കില്‍ മരവിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. യുഎസ് പൗരന്‍മാര്‍ ഇഡിഡിയും ലിയുമായുള്ള വ്യാപാരത്തിന് നിരോധനമേര്‍പ്പെടുത്തുകയും ചെയ്തു. ചൈനയെ കൂടാതെ റഷ്യന്‍ സൈന്യവും ഇന്റലിജന്‍സുമായി സഹകരിച്ച 33 പേരെ യുഎസ് കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. 2014ല്‍ ഉെക്രയ്‌നില്‍ നിന്ന് ക്രീമിയ പിടിച്ചെടുത്തതു മുതലാണ് റഷ്യക്കുമേല്‍ യുഎസും പാശ്ചാത്യരാജ്യങ്ങളും ഉപരോധം കൊണ്ടുവരുന്നത്. എന്നാല്‍ ഉപരോധത്തെ ചൈന അംഗീകരിച്ചിരുന്നില്ല. പിന്നീട് 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലും ഉപരോധത്തിന് ആക്കം കൂട്ടി.
റഷ്യ, ഇറാന്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങളെ ലക്ഷ്യംവച്ച് 2017ലാണ് യുഎസില്‍ സാമ്പത്തികവും രാഷ്ട്രീയമായ ഉപരോധം ചുമത്തുന്നതിന് കാറ്റ്‌സ് ആക്റ്റ് നിലവില്‍ വന്നത്. ഇതു പ്രകാരമാണ് ചൈനയ്ക്കു മേല്‍ യുഎസ് ഉപരോധമേര്‍പ്പെടുത്തിയത്.
അതേസമയം ഇന്ത്യ റഷ്യയില്‍നിന്ന് എസ്400 മിസൈല്‍ പ്രതിരോധസംവിധാനം വാങ്ങുന്നതിനെതിരേയും യുസ് മുന്നറിയിപ്പു നല്‍കി. റഷ്യക്കെതിരായി അമേരിക്ക 2017ല്‍ തയ്യാറാക്കിയ കാറ്റ്‌സാ നിയമത്തിന്റെ ലംഘിക്കുന്നതാണ് ഇന്ത്യ-റഷ്യ ഇടപാടെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി.

RELATED STORIES

Share it
Top