ചൈനയ്ക്കും റഷ്യക്കും മേല്‍ ആഗോള സമ്മര്‍ദം വേണം: ലീ

നേപിഡോ: മ്യാന്‍മറില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ എതിര്‍ക്കാന്‍ ചൈനയ്ക്കും റഷ്യക്കും മേല്‍ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദം ചെലുത്തണമെന്നു യുഎന്‍ അന്വേഷണ സമിതി അംഗം യാങ്ഹീ ലീ. റാഖൈനിലെ സൈനിക അതിക്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള യുഎന്‍ നീക്കത്തെ പിന്തുണയ്ക്കുന്നതില്‍ ഇരുരാജ്യങ്ങളും പരാജയപ്പെടുകയാണെന്നും അവര്‍ പറഞ്ഞു. റോഹിന്‍ഗ്യര്‍ക്കെതിരേ നടന്ന സൈനിക അതിക്രമങ്ങള്‍ക്കും നിര്‍ബന്ധിത പലായനത്തിനും എതിരേ യുഎസും യുറോപ്യന്‍ യൂനിയനും ഒഐസിയും ശക്തമായി രംഗത്തെത്തിയെങ്കിലും ചൈനയുടെയും റഷ്യയുടെയും ഭാഗത്തു നിന്ന് അതുണ്ടായില്ലെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ അതു പുറത്തുനിന്നുള്ള കാര്യങ്ങളാണെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേയുള്ള സമ്മര്‍ദം പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കില്ലെന്നുമായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. മ്യാന്‍മറിനെതിരായ വംശഹത്യാ കേസ് അന്താരാഷ്ട്ര ക്രിമിനല്‍ക്കോടതി (ഐസിസി)ക്ക് കൈമാറണമെങ്കില്‍ രക്ഷാസമിതിയില്‍ റഷ്യയുടെയും ചൈനയുടെയും പിന്തുണ അത്യാവശ്യമാണ്. മ്യാന്‍മര്‍ ഐസിസിയില്‍ അംഗമല്ലാത്തതിനാല്‍ രക്ഷാ സമിതിയുടെ നിര്‍ദേശ പ്രകാരമല്ലാതെ വംശഹത്യക്കെതിരേ മ്യാന്‍മര്‍ ഭരണകൂടത്തിനു മേല്‍ കേസെടുക്കാനും സാധിക്കില്ല.എന്നാല്‍ റോഹിന്‍ഗ്യര്‍ക്കെതിരേ മനുഷ്യാവകാശ ലംഘനം നടത്തിയെന്ന ആരോപണം മ്യാന്‍മര്‍ തുടര്‍ച്ചായി നിഷേധിക്കുകയാണ്. റോഹിന്‍ഗ്യന്‍ വംശഹത്യ അന്വേഷിക്കുന്നതിന്റെ ഭാഗമായി റാഖൈന്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നു ലീയെ മ്യാന്‍മര്‍ കഴിഞ്ഞ ആഴ്ച വിലക്കിയിരുന്നു.സൈന്യം ആയിരക്കണക്കിനു പേരെ കൊലപ്പെടുത്തിയതായും പ്രായപൂര്‍ത്തിയാവാത്ത കുട്ടികളടക്കമുള്ള സ്ത്രീകളെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയതായും മനുഷ്യാവകാശ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. മ്യാന്‍മര്‍ സൈന്യം വംശഹത്യ നടത്തിയതിനു വ്യക്തമായ തെളിവുകളുണ്ടെന്നും മ്യാന്‍ നേതാവ് ഓങ്‌സാങ് സൂച്ചിക്കും സൈനിക മേധാവിക്കുമെതിരേ വംശഹത്യക്കു കേസെടുത്തേക്കാമെന്നും യുഎന്‍ പ്രതിനിധി നേരത്തെ വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top