ചൈനയുടെ അഭ്യര്‍ഥന തള്ളി; വൈഗൂര്‍ യുവാക്കളെ മലേസ്യ വിട്ടയച്ചു

ക്വാലാലംപൂര്‍: ചൈനയുടെ അഭ്യര്‍ഥന തള്ളി 11 വൈഗൂര്‍ മുസ്‌ലിംകളെ മലേസ്യ വിട്ടയച്ചു. തായ്‌ലന്‍ഡില്‍ നിന്നു ജയില്‍ ചാടി കഴിഞ്ഞവര്‍ഷം മലേസ്യയിലെത്തിയ വൈഗൂര്‍ മുസ്‌ലിംകളെയാണ് സ്വതന്ത്രരാക്കിയത്. മലേസ്യന്‍ കോടതി ഇവര്‍ക്കെതിരേ ചുമത്തിയ കുടിയേറ്റ വിരുദ്ധ കുറ്റങ്ങള്‍ റദ്ദാക്കുകയായിരുന്നുവെന്നും സംഘം ക്വാലാലംപൂരില്‍ നിന്നു തുര്‍ക്കിയിലേക്ക് പോയതായും അഭിഭാഷകന്‍ ഫഹ്മി മുയീന്‍ അറിയിച്ചു.
ഇവരെ ചൈനയിലേക്ക് അയക്കണമെന്നാണ് ചൈനയുടെ ആവശ്യം. എന്നാല്‍ ചൈനയിലേക്ക് അയക്കരുതെന്ന് പാശ്ചാത്യരാജ്യങ്ങള്‍ മലേസ്യയോട് ആശ്യപ്പെട്ടിരുന്നു. ചൈനയിലെ സ്വയംഭരണ പ്രദേശമായ സിന്‍ജിയാങില്‍ വൈഗൂര്‍ മുസ്‌ലിംകളെ ചൈന ക്രൂരമായി പീഡിപ്പിക്കുന്നതായും അനധികൃത തടങ്കലില്‍ പാര്‍പ്പിക്കുന്നതായും റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മലേസ്യയുടെ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. മഹാതീര്‍ പ്രധാനമന്ത്രിയായ ഉടന്‍ ചൈനീസ് കമ്പനിക്കു നല്‍കിയ 2000 കോടി യുഎസ് ഡോളറിന്റെ പദ്ധതി മലേസ്യ റദ്ദാക്കിയിരുന്നു.

RELATED STORIES

Share it
Top