ചൈനയില്‍ കൃത്രിമ ചന്ദ്രന്‍ ഒരുങ്ങുന്നു

ബെയ്ജിങ്: ചൈനയിലെ നഗരങ്ങളില്‍ തെരുവുവിളക്കുകള്‍ക്കു പകരം ഇനി ചന്ദ്രന്‍ പ്രകാശം പരത്തും. പുതിയ കണ്ടുപിടിത്തത്തിലൂടെ ലോകത്തെ ഞെട്ടിക്കാനൊരുങ്ങുകയാണ് ചൈന. 2020 ഓടെ കൃത്രിമ ചന്ദ്രന്‍ ആകാശത്തുനിന്ന് വെളിച്ചം വിതറുമെന്ന് ചൈന അറിയിച്ചു. കൃത്രിമ ചന്ദ്രനെ സിച്ചുവാന്‍ പ്രവിശ്യയിലെ ചെംഗുഡു നഗരത്തിനു മുകളില്‍ സ്ഥാപിക്കാനാണ് പദ്ധതിയെന്ന് “പീപ്പിള്‍സ് ഡെയ്‌ലി’ റിപോര്‍ട്ട് ചെയ്തു.
ലോകത്തുതന്നെ ആദ്യമായാണ് മനുഷ്യനിര്‍മിത ചന്ദ്രനെ ആകാശത്തെത്തിക്കുന്നത്. ഭൗമോപരിതലത്തില്‍ നിന്ന് 500 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഭീമന്‍ കണ്ണാടികള്‍ സ്ഥാപിച്ച കൃത്രിമ ചന്ദ്രന്‍ സ്ഥിതിചെയ്യുക. ഈ കണ്ണാടികള്‍ വഴി സൂര്യപ്രകാശത്തെ വന്‍തോതില്‍ ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കാന്‍ സാധിക്കും. ചന്ദ്രനോടൊപ്പംതന്നെ ഈ കൃത്രിമ ചന്ദ്രനും പ്രകാശം പരത്തും. ചന്ദ്രനില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ എട്ടു മടങ്ങ് പ്രകാശം ഇതിനുണ്ടായിരിക്കുമെന്ന് പീപ്പിള്‍സ് ഡെയ്‌ലി റിപോര്‍ട്ട് ചെയ്യുന്നു. നഗരത്തിലെ തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ ഉപയോഗിക്കുന്ന വൈദ്യുതി ലാഭിക്കുകയാണ് പ്രധാന ലക്ഷ്യം.
50 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് ഇത് വെളിച്ചം പരത്തും. ചെങ്ടുവില്‍ മാത്രം 17 കോടി ഡോളര്‍ വര്‍ഷത്തില്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. സൂര്യനില്‍ നിന്നുള്ള വെളിച്ചം പ്രതിഫലിപ്പിച്ചാണ് ഈ ചന്ദ്രനും പ്രകാശം പരത്തുക. ദുരന്തബാധിതമേഖലകളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇത് സഹായകമാവുമെന്നാണ് കരുതുന്നത്.
കൃത്രിമ ചന്ദ്രന്‍ എന്ന ആശയം ഉരുത്തിരിഞ്ഞ് വന്നത് ഫ്രഞ്ച് ആര്‍ട്ടിസ്റ്റിന്റെ ഒരു ചിത്രത്തില്‍ നിന്നാണെന്ന് പീപ്പിള്‍സ് ഡെയ്‌ലി റിപോര്‍ട്ട് ചെയ്യുന്നു. ലോകത്തെ ആദ്യ മനുഷ്യനിര്‍മിത ചന്ദ്രന്‍ സിച്വാനിലെ സിചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്നാണ് വിക്ഷേപിക്കുക. ആദ്യ പരീക്ഷണം വിജയിച്ചാല്‍ 2022ഓടെ മൂന്നു ചന്ദ്രന്‍മാരെക്കൂടി വിക്ഷേപിക്കുമെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന തിയാന്‍ ഫു ന്യൂ ഏരിയ സയന്‍സ് സൊസൈറ്റിയുടെ മേധാവി വു ചുന്‍ഫെങ് പറഞ്ഞു.

RELATED STORIES

Share it
Top