ചൈനക്കെതിരേ വിമര്‍ശനവുമായി ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍പ്യോങ്‌യാങ്: ഉത്തര കൊറിയന്‍ പരീക്ഷണങ്ങളെ അപലപിക്കുന്ന ചൈനീസ് നടപടിക്കെതിരേ രുക്ഷ വിമര്‍ശനവുമായി ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍. രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുന്ന നടപടികളില്‍ നിന്നും ബെയ്ജിങ് പിന്‍മാറിയില്ലെങ്കില്‍ കനത്ത വിലകൊടുക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ഉത്തര കൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെസിഎന്‍എ) പുറത്തുവിട്ട ഗുരുതര പ്രത്യാഘാതങ്ങള്‍ എന്ന റിപോര്‍ട്ടിലാണ് രുക്ഷമായ പ്രതികരണം.കൊറിയന്‍ യുദ്ധകാലം മുതലുള്ള ശക്തമായ സഹകരണമാണ് ബെയ്ജിങും പ്യോങ് യാങും തമ്മിലുള്ളത്. ഇതിനുപുറമെ ഉത്തര കൊറിയയുടെ വ്യാപാര മേഖലയിലടക്കം വന്‍ സഹകരണവും ഇരു രാജ്യങ്ങളും തമ്മിലുണ്ട്. എന്നാല്‍, ഉത്തര കൊറിയ നടത്തുന്ന മിസൈല്‍ പരീക്ഷണങ്ങക്കെതിരേ അടുത്തിടെ രൂക്ഷമായ പ്രതികരണമാണ് ചൈന നടത്തിയത്. ഇത്തരം നടപടികള്‍ മേഖലയ്ക്ക് ഭീഷണിയാണെന്ന നിലപാടാണ് ചൈനയ്ക്കുള്ളത്. അതുകൊണ്ടു തന്നെ ചൈനക്കടല്‍ മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുന്ന നടപടികളില്‍ നിന്നും യുഎസും കൊറിയയും പിന്‍മാറണമെന്നും ചൈന നിരന്തരമായി ആവശ്യപ്പെട്ടിരുന്നു.ഇതിനു പുറമെ കൊറിയയുടെ പ്രധാന വരുമാന സ്രോതസ്സിലൊന്നായ കല്‍ക്കരി ഇറക്കുമതിയില്‍ നിന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ ചൈന പിന്‍മാറി. ഉത്തര കൊറിയയുടെ പ്രധാന വിദേശനാണ്യ ഉപാധിയായിരുന്നു ഇത്. കൊറിയ നടത്തിവന്നിരുന്ന ആണവ പരീക്ഷണങ്ങളെ ശക്തമായി അപലപിച്ച് നേരത്തേ ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു. സംഘര്‍ഷ സാധ്യത നിലനില്‍ക്കെ ഇത്തരം പരിപാടികളുമായി മുന്നോട്ടുപോവുന്നത് തെറ്റാണെന്നും ചൈനീസ് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു.  എന്നാല്‍, ഉത്തര കൊറിയയെ എന്നും നല്ല അയല്‍ക്കാരനായി കാണാനാണ് താല്‍പര്യമെന്ന് വാര്‍ത്തയോട് ചൈനീസ് വിദേശ കാര്യമന്ത്രി ഗെങ് സുവാങ് പ്രതികരിച്ചു. ചൈനയും കൊറിയയും ഉള്‍പ്പെടുന്ന മേഖലയെ ആണവായുധ മുക്തമാക്കണമെന്നാണ് ചൈനീസ് താല്‍പര്യം. ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാണെന്നും ഗുവാങ് കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top