ചേളാരി ഐഒസി പ്ലാന്റിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനം

തേഞ്ഞിപ്പലം: മതിയായ രേഖകളില്ലാതെ പ്രവര്‍ത്തിക്കുന്ന ചേളാരി ഐഒസി പ്ലാന്റിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ഇന്നലെ ചേര്‍ന്ന തേഞ്ഞിപ്പലം ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ തീരുമാനം. ഐഒസിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതി നിയോഗിച്ച ഉപസമിതി നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് റദ്ദാക്കാ ന്‍ തീരുമാനിച്ചത്.
പ്ലാന്റിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള തീരുമാനത്തിനെതിരേ പ്രതിപക്ഷമായ സിപിഎം അംഗങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും വോട്ടിനിട്ടാണ് തീരുമാനമെടുത്തത്. ഐഒസിയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിനെന്ന് യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. ജനസുരക്ഷയെ വെല്ലുവിളിച്ചു മുന്നോട്ടു പോവുന്ന ഐഒസിയുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ഉപസമിതിയിലെ സവാദ് കള്ളിയില്‍, എ പി അബ്ദുല്‍ സലീം എന്നിവര്‍ ആദ്യം മുതല്‍ തന്നെ യോഗത്തി ല്‍ ആവശ്യപ്പെട്ടിരുന്നു. ഐഒസി പ്ലാന്റിന്റെ പ്രവര്‍ത്തനം മതിയായ രേഖകളില്ലാതെയാണെന്നു പഞ്ചായത്ത് ഭരണസമിതി നിയോഗിച്ച ഉപസമിതി അംഗങ്ങള്‍ കണ്ടെത്തിയിരുന്നത്. ഇതേത്തുടര്‍ന്നാണ് ഐഒസിയുടെ ലൈസന്‍സ് റദ്ധാക്കണമെന്നു സബ്—കമ്മിറ്റി പഞ്ചായത്ത് ഭരണസമിതിയോട് ശുപാര്‍ശ ചെയ്തത്. ഉപസമിതിയുടെ ആവശ്യപ്രകാരം 17ന് മുമ്പ് എല്ലാ രേഖകളും പഞ്ചായത്തില്‍ ഹാജരാക്കുമെന്ന് ഐഒസി അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും വാക്ക് പാലിച്ചില്ലെന്ന് ഉപസമിതി അംഗങ്ങള്‍ യോഗത്തില്‍ പറഞ്ഞു.
രേഖകള്‍ കലക്ടര്‍ക്ക് മുന്നില്‍ പോലും ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ഉപസമിതി അംഗങ്ങള്‍ പറഞ്ഞു. യോഗത്തില്‍ പ്രസിഡന്റ് സഫിയ റസാഖ് തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top