ചേളാരിയില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷം

തേഞ്ഞിപ്പലം: മേലെ ചേളാരി അങ്ങാടിയിലെ നാല് കടകളില്‍ മോഷണം. രണ്ട് ബേക്കറിയും മെഡിക്കല്‍ ഷോപ്പ്, മാതാപുഴ റോഡിലെ ഒരു കടയുടെയും പൂട്ടുകള്‍ തകര്‍ത്താണ് മോഷണം നടത്തിയത്. പുലര്‍ച്ചെ 3.50 മുതല്‍ 4.20 വരെയാണ് മോഷണ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുള്ളത്. ചേളാരിയിലെ നൈസ് മെഡിക്കല്‍സിന്റെയും കെആര്‍ ബേക്കറിയുടെയും പൂട്ടുപൊളിച്ചെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
സമീപത്തുള്ള ചോയ്‌സ് ബേക്കറിയില്‍ അകത്തു കയറിയ കള്ളന്‍ പാലിയേറ്റീവ് പിരിവ് ബോക്‌സും എടുത്തു കൊണ്ടു പോയി. മാതാപുഴ റോഡിലുള്ള ട്രിക് ഔട്ട് ജെന്‍സ് ഷോപ്പില്‍നിന്നും മൂവായിരം രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ട്. അവിടെ നിന്ന് സാധനങ്ങള്‍ നഷ്ടപ്പെട്ടതായും സംശയിക്കുന്നു.
പിക്കാസ് ഉപയോഗിച്ചാണ് മോഷ്ടാവ് പൂട്ടുപൊളിച്ച് അകത്തു കയറിയത്. പൂട്ട് പൊളിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ സമീപത്തെ ജെന്‍സ് ഷോപ്പിനു മുന്നില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.
സമീപത്തെ നീതി മെഡിക്കല്‍സിലും കള്ളന്‍ കയറാനുള്ള ശ്രമം നടത്തിയിരുന്നു. വാഹനങ്ങളുടെ വെളിച്ചം കാരണം ഉപേക്ഷിക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യത്തില്‍ നിന്നും വ്യക്തമായി. മുണ്ടും ഷര്‍ട്ടും ധരിച്ച് മുഖംമൂടിയുമാണ് മോഷ്ടാവിന്റെ വേഷം. തേഞ്ഞിപ്പലം പോലീിസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ചേളാരിയില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ചിലരുടെ അക്രമണത്തില്‍ പരിക്കേറ്റ് തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ചിരുന്നു.RELATED STORIES

Share it
Top