ചേലേമ്പ്രയില്‍ ഇരകളുടെ യോഗം ബഹളത്തില്‍ കലാശിച്ചു

തേഞ്ഞിപ്പലം: ചേലേമ്പ്ര എ എല്‍പി സ്‌കൂളില്‍ വിളിച്ചു ചേ ര്‍ത്ത ഇരകളുടെ യോഗം ബഹളത്തില്‍ കലാശിച്ചു. ഡെപ്യൂട്ടി കലക്ടര്‍ വ്യക്തമായി മറുപടി നല്‍കാതെ ഇറങ്ങിപ്പോയതാണ് ബഹളത്തിനിടയാക്കിയത്. ഇരകളുടെ പരാതി കേട്ട ശേഷം ഡപ്യൂട്ടി കലക്ടര്‍  ജെ ഒ അരുണ്‍കുമാര്‍  മറുപടി നല്‍കിയെങ്കിലും മറുപടി തൃപ്തികരമല്ലാത്തതിനാല്‍ ഇരകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
പ്രതിഷേധം ബഹളമയമായതോടെ പോലിസ് സംരക്ഷണത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ യോഗ നടപടികള്‍ പൂര്‍ത്തിയാക്കാതെ സ്ഥലംവിട്ടു. പുതിയ അലൈമെന്റില്‍ ഒട്ടേറെ വീടുകള്‍ നഷ്ടപ്പെടുന്ന വിധത്തില്‍ പുതിയ അലൈമെന്റ് ആരുടെ നിര്‍ദേശമാണെന്ന് വ്യക്തമാക്കണമെന്ന് ഇരകള്‍ ആവശ്യപ്പെട്ടു. ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്ത് നല്‍കിയ പ്രപ്പോസലാണ് പരിഗണിച്ചതെന്ന് വ്യക്തമാക്കിയതോടെ ഇരകള്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിഷേധമുയര്‍ത്തി. പുതിയ അലൈമെന്റില്‍ എഴുപതോളം വീടുകളാണ് നഷ്ടപ്പെടുന്നത്. ഇടിമുഴിക്കല്‍ അങ്ങാടി പൂര്‍ണമായും ഇല്ലാതാവും. ഒട്ടേറെ ചെറുകിട കച്ചവട സ്ഥാപനങ്ങളും പള്ളിയും മദ്‌റസയും പൊളിച്ച് നീക്കപ്പെടും. ആരുടെയോ താല്‍പര്യം സംരക്ഷിക്കാനാണ് പുതിയ സര്‍വേയെന്നും ജനവാസ കേന്ദ്രത്തിലൂടെ നാലുവരിപ്പാത അനുവദിക്കില്ലെന്നും ഇരകള്‍ പറഞ്ഞു.
നീതിയുക്തമായ തീരുമാനമാണ് ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ക്കുണ്ടാവേണ്ടതെന്ന് ഭൂവുടമകള്‍ ആവശ്യപ്പെട്ടു. ദേശീയപാതാ ലൈസണ്‍ ഓഫിസര്‍ അഷ്‌റഫ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ പി മിഥുന, സി രാജേഷ്, ചേലേമ്പ്ര പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി  ചെയര്‍മാന്‍ അസീസ് പാറയി ല്‍, മെംബര്‍മാരാ വി പി ഉമറുല്‍ ഫാറൂഖ്, ഇഖ്ബാല്‍ പൈങ്ങോട്ടൂര്‍, കെ പി കുഞ്ഞിമ്മുട്ടി എന്നിവര്‍ പങ്കെടുത്തു.
യോഗം പിരിഞ്ഞ ശേഷം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെതിരെ റോഡില്‍ വച്ച്  ഇരകളില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് വാക്കേറ്റത്തിനിടയാക്കി. പ്രസിഡന്റിന്റെ അറിവോടെയാണ് പുതിയ അലൈന്‍മെന്റ് എന്നായിരുന്നു ആരോപണം. ഗ്രാമപ്പഞ്ചായത്ത് ബോര്‍ഡ് മീറ്റിങിന്റെ തീരുമാനം തന്നെ അറിയിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി കലക്ടറും വ്യക്തമാക്കി. നേരത്തെ വളവ് ഇല്ലായിരുന്നുവെന്നും 20 വീടുകള്‍ മാത്രമെ നഷ്ടപ്പെടുമായിരുന്നുള്ളുവെന്നും കൃഷികളോ ജനവാസ കേന്ദ്രമോ അല്ലാത്ത കുന്നിന്‍ പ്രദേശത്തിലൂടെയായിരുന്നുവെന്നും ഇപ്പോള്‍ പുതിയ അലൈമെന്റില്‍ 60 വീടുകള്‍ നഷ്ടമാവുന്നുണ്ടെന്നും ഇരകള്‍ തെളിവ് സഹിതം ബോധിപ്പിച്ചു. ഇരകളുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിക്കാതെ വന്നതോടെയാണ് പ്രതിഷേധം കനത്തത്.

RELATED STORIES

Share it
Top