ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളിലെ പാദ പൂജ: വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയറിയാന്‍ താല്‍പര്യമുണ്ടെന്ന് വി ടി ബല്‍റാം


തൃശൂര്‍: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളിലെ പാദപൂജക്കെതിരേ ശക്തമായ പ്രതിഷേധവുമായി വി ടി ബല്‍റാം എംഎല്‍എ. വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം ജില്ലയിലെ ഒരു സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലാണ് സംസ്‌ക്കാരത്തിന്റേയും പാരമ്പര്യത്തിന്റേയും പേരില്‍ അഭിമാനബോധമുള്ള വിദ്യാര്‍ത്ഥിനികളെ ഇങ്ങനെ തലകുനിച്ചു നിര്‍ത്തിയിരിക്കുന്നത്. സംഘ് പരിവാര്‍ നിയന്ത്രണത്തിലുള്ള സ്‌ക്കൂളിലാണ് വേദവ്യാസജയന്തിയുടെ ഭാഗമായി ഗുരുപൂജ എന്ന പേരിലുള്ള ഈ കാലുപിടുത്തം!. വി ടി ബല്‍റാം തന്റെ ഫേസ് ബൂക്ക് പേജില്‍ വിമര്‍ശിച്ചു. ഒരു ജനാധിപത്യ കാലത്ത് തുല്യതയാണ്, പരസ്പര ബഹുമാനമാണ് സംസ്‌ക്കാരം എന്ന് ഇതുപോലുള്ള വിദ്യാലയ നടത്തിപ്പുകാര്‍ മനസ്സിലാക്കിയില്ലെങ്കിലും ജനാധിപത്യ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന വിദ്യാഭ്യാസ വകുപ്പിനെങ്കിലും മനസ്സിലാക്കാന്‍ കഴിയണം.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നത് എന്നറിയാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം കുറിച്ചു.വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം ജില്ലയിലെ ഒരു സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലാണ് സംസ്‌ക്കാരത്തിന്റേയും പാരമ്പര്യത്തിന്റേയും പേരില്‍ അഭിമാനബോധമുള്ള വിദ്യാര്‍ത്ഥിനികളെ ഇങ്ങനെ തലകുനിച്ചു നിര്‍ത്തിയിരിക്കുന്നത്. സംഘ് പരിവാര്‍ നിയന്ത്രണത്തിലുള്ള ചേര്‍പ്പ് സിഎന്‍എന്‍ സ്‌ക്കൂളിലാണ് വേദവ്യാസജയന്തിയുടെ ഭാഗമായി ഗുരുപൂജ എന്ന പേരിലുള്ള ഈ കാലുപിടുത്തം!
സ്‌കൂളിലൂടെ അറിവിന്റെ രൂപത്തില്‍ വിദ്യാര്‍ത്ഥിക്ക് ലഭിക്കുന്നത് അധ്യാപകന്റെ ഏതെങ്കിലും ഔദാര്യമല്ല, ഭരണഘടനാപരമായി സ്റ്റേറ്റ് ഏറ്റെടുത്ത് അവന് സൗജന്യമായും സാര്‍വ്വത്രികമായും നല്‍കേണ്ട മൗലികാവകാശമാണ്. അധ്യാപകരെന്നത് ഇന്നത്തെക്കാലത്ത് സര്‍വ്വസംഗപരിത്യാഗികളായ അറിവിന്റെ നിറകുടങ്ങളുമല്ല, കൃത്യമായ സേവന വേതന വ്യവസ്ഥകളുടെ പ്രയോജനം പറ്റുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. അവര്‍ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ പേരിലവരെ അപ്രീഷ്യേറ്റ് ചെയ്യുന്നതില്‍ തെറ്റില്ല, എന്നാല്‍ അതിങ്ങനെ കാല്‍ തൊട്ട് വണങ്ങിയും പൂവിട്ട് പൂജിച്ചും ഫ്യൂഡല്‍ ഭക്തി പ്രകടിപ്പിച്ചുമാകണോ എന്നതാണ് ചിന്തിക്കേണ്ടത്.
ഏത് സംസ്‌ക്കാരമാണിവര്‍ ഇത്ര കേമമായി തലയിലേറ്റി വക്കുന്നത്? മനുഷ്യനെ പല തട്ടുകളിലായിത്തിരിച്ച് മാറ്റിനിര്‍ത്തിയിരുന്ന പഴയകാലത്തെ അധീശ സംസ്‌ക്കാരത്തേയോ? മിടുക്കനായ വിദ്യാര്‍ത്ഥിയുടെ കുലം നോക്കി അവന്റെ പെരുവിരല്‍ മുറിച്ചെടുപ്പിക്കുന്ന സവര്‍ണ്ണ ഗുരുക്കളുടെ സംസ്‌ക്കാരത്തേയോ? ഭക്തിയും അനുസരണയും അമിത അച്ചടക്കവുമൊക്കെയാണ് ഇന്നും പലരും ഉന്നത സാംസ്‌ക്കാരിക മൂല്യങ്ങളായി കരുതിവച്ചിരിക്കുന്നത്. അനുസരണയുള്ള, നിവര്‍ന്നുനിന്ന് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആത്മവിശ്വാസമില്ലാത്ത ഒരു ജനതയാണ് ഇത്തരം സംസ്‌ക്കാര വാദികളുടേയും പാരമ്പര്യവാദികളുടേയും എക്കാലത്തുമുള്ള സ്വപ്നം. എന്നാല്‍ മാത്രമേ നാട് ഭരിക്കുന്ന അമ്പത്താറിഞ്ച് അതിമാനുഷരുടെ ഏകപക്ഷീയമായ മങ്കി ബാത്ത് തള്ളുകള്‍ കണ്ണു മിഴിച്ച് നിന്ന് ഏറ്റുവാങ്ങുന്ന അടിമക്കൂട്ടങ്ങളെ സൃഷ്ടിച്ചെടുക്കാന്‍ കഴിയൂ എന്ന് അവര്‍ക്കറിയാം. അത് മനസ്സിലാക്കി പ്രതിരോധിക്കാന്‍, പ്രതിരോധത്തിന്റെ നവ സംസ്‌ക്കാരം സൃഷ്ടിക്കാന്‍ കേരളത്തിനെങ്കിലും സാധിക്കേണ്ടതുണ്ട്. ഒരു ജനാധിപത്യ കാലത്ത് തുല്യതയാണ്, പരസ്പര ബഹുമാനമാണ് സംസ്‌ക്കാരം എന്ന് ഇതുപോലുള്ള വിദ്യാലയ നടത്തിപ്പുകാര്‍ മനസ്സിലാക്കിയില്ലെങ്കിലും ജനാധിപത്യ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന വിദ്യാഭ്യാസ വകുപ്പിനെങ്കിലും മനസ്സിലാക്കാന്‍ കഴിയണം.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നത് എന്നറിയാന്‍ താത്പര്യമുണ്ട്.

RELATED STORIES

Share it
Top