ചേന്ദങ്കിരിപ്പാടം റോഡ് ചളിക്കുഴിയായി; യാത്ര ദുഷ്‌കരം

മാള: പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ ചേന്ദങ്കിരിപ്പാടം റോഡ് ചളിക്കുഴിയായി യാത്ര ദുഷ്‌കരമായി. ഇതുവഴി കാല്‍നടയും ഇരുചക്ര വാഹന യാത്രയും ക്ലേശപൂര്‍ണ്ണമായിരിക്കുകയാണ്.
പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ കുന്നത്തേരിയേയും ചേര്യേക്കരയേയും ബന്ധിപ്പിക്കുന്നതാണ് ചേന്ദങ്കിരിപ്പാടം റോഡ്. മഴക്കാലമായതോടെയാണ് ചേന്ദങ്കിരിപ്പാടം റോഡില്‍ ചെളിനിറഞ്ഞ് പ്രദേശവാസികളുടെ യാത്ര ദുരിത പൂര്‍ണ്ണമായി തീര്‍ന്നത്.
പാടത്തിന് നടുവിലൂടെയുള്ള റോഡ് കാലങ്ങളായി മഴക്കാലമെത്തിയാല്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന സാഹചര്യമാണുണ്ടായിരുന്നത്. പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് 2016 ല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റോഡ് വികസനത്തിനായി 50000 രൂപ അനുവദിച്ചിരുന്നു. ആ ഫണ്ടുപയോഗിച്ചാണ് പാടത്തിന് മധ്യത്തിലൂടെയുള്ള റോഡിന്റെ ഇരു വശങ്ങളിലും കരിങ്കല്‍ ഭിത്തി നിര്‍മ്മിച്ച് റോഡില്‍ മണ്ണിട്ട് ഉയരം വര്‍ദ്ധിപ്പിച്ചത്.
ഇതോടെ വെള്ളക്കെട്ടിന് പരിഹാരമായെങ്കിലും മഴ ശക്തമായതോടെ റോഡില്‍ ചളിനിറഞ്ഞ് പ്രദേശവാസികളുടെ യാത്രാ ദുരിതം ഇരട്ടിയായിരിക്കുകയാണ്. റോഡില്‍ മണ്ണിട്ട് ഉയരം വര്‍ദ്ധിപ്പിച്ചെങ്കിലും മെറ്റലിംഗോ ടാറിംഗോ നടത്താത്തത് കാരണമാണ് റോഡില്‍ ചെളിനിറഞ്ഞ് യാത്ര ദുഷ്‌കരമായത്.
റോഡിന്റെ ശോച്യാവസ്ഥയും ജനങ്ങളുടെ യാത്രാ ദുരിതവും പരിഹരിക്കുന്നതിനായി ചേന്ദങ്കിരി പാടം റോഡ് മെറ്റലിംഗിനും ടാറിംഗിനും ഫണ്ട് അനുവദിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top