ചേട്ട്യാലക്കടവ് പാലം: ഹരജി വിധി പറയാന്‍ മാറ്റി

നാദാപുരം: പാലം പ്രവൃത്തി യുടെ കരാര്‍ കോടതി വിധിയിലൂടെ സ്വന്തമാക്കിയതിനെതിരേ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ സമര്‍പ്പിച്ച ഹരജി വിചാരണയ്ക്ക് ശേഷം വിധി പറയാനായി മാറ്റി.
വിധി വരുന്നതോടെ രണ്ട് വര്‍ഷമായി കാത്തിരിക്കുന്ന ചേട്ട്യാലക്കടവ് പാലം പണി ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. മയ്യഴിപ്പുഴക്ക് കുറുകെ മുടവന്തേരിക്കും ഉമ്മത്തൂരിനുമിടയില്‍ നിര്‍മിക്കുന്ന പാലത്തിന് 2015ലാണ് സര്‍ക്കാര്‍ ഒമ്പത് കോടി രൂപ വകയിരുത്തിയത്.
തൊട്ടടുത്ത വര്‍ഷം ഓണ്‍ലൈന്‍ ടെന്‍ഡര്‍ ചെയതു. അന്ന് പങ്കെടുത്ത നാലു പേരില്‍ നിന്നും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്ക് പണി കരാര്‍ നല്‍കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനമെടുത്തു.
എന്നാല്‍ മറ്റൊരു കരാറുകാരന്‍ ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുകയും കോടതി ഉത്തരവിലൂടെ കരാര്‍ സ്വന്തമാക്കുകയും ചെയ്തു. ഇതിനതിരേ ഊരാളുങ്കല്‍ സൊസൈറ്റി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. നാദാപുരം പെരിങ്ങത്തൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ കുഞ്ഞിപ്പുര മുക്കില്‍ നിന്നും ഉമ്മത്തൂര്‍ വഴി പാറക്കടവ് ഭാഗത്തേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ റോഡാണിത്.
പാലം പണി പൂര്‍ത്തിയായാല്‍ എയര്‍പോര്‍ട്ടി ലേക്കുള്ള ബദല്‍ റോഡായും ഉപയോഗിക്കാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറയുന്നു. നിലവില്‍ ചേട്ട്യാലക്കടവില്‍ ഒരു തൂക്കുപാലമാണുള്ളത്. സ്‌കൂള്‍ കുട്ടികളടക്കം ഏറെ ഭീതിയോടെയാണ് തൂക്കുപാലത്തിലൂടെ യാത്ര ചെയ്യുന്നത്.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കാനും അരീക്കര ബിഎസ്എഫ് കേന്ദ്രത്തിലേക്ക് എളുപ്പം എത്തിപ്പെടാനും കഴിയുന്ന ചേട്ട്യാലക്കടവ് പാലത്തിന്റെ പണി പൂര്‍ത്തിയാകുന്നതോടെ സാധിക്കും. വിധി പ്രഖ്യാപിക്കുന്നതോടെ പാലത്തിന്റെ പണി നടത്താന്‍വേണ്ട നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.

RELATED STORIES

Share it
Top