ചേട്ടനും അനിയനും തല്ലിത്തകര്‍ത്തു; ആഷസില്‍ ഓസീസ് വിജയത്തിലേക്ക്സിഡ്‌നി: സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ മാര്‍ഷ് സഹോദരങ്ങള്‍ സെഞ്ച്വറിയുടെ ആറാട്ട് തുടര്‍ന്നപ്പോള്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മല്‍സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ആസ്‌ത്രേലിയയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ഇന്നലെ ബാറ്റിങ് തുടര്‍ന്ന് ആതിഥേയര്‍ ഷോണ്‍ മാര്‍ഷിന്റെയും (156) മിച്ചല്‍ മാര്‍ഷിന്റെയും (101) സെഞ്ച്വറി മികവില്‍ ഏഴു വിക്കറ്റിന് 649 റണ്‍സെടുത്തപ്പോള്‍ 303 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സില്‍ ഇറങ്ങിയ ഇംഗ്ലണ്ടിന് 93 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ടു.
ഇന്നലെ നാലിന് 479 റണ്‍സെന്ന നിലയില്‍ നിന്ന് ബാറ്റിങ് പുനരാരംഭിച്ച ആസ്‌ത്രേലിയക്ക് വേണ്ടി ഷോണ്‍ മാര്‍ഷും മിച്ചല്‍ മാര്‍ഷും നിലയുറപ്പിച്ചതോടെ കാഴ്ചക്കാരാവാനെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കായുള്ളൂ.  ഇന്നലെ സെഞ്ച്വറിയിലേക്ക് രണ്ട് റണ്‍സ് മാത്രം വേണ്ടിയിരുന്ന ഷോണ്‍ മാര്‍ഷ് മോയിന്‍ അലിയെ കവര്‍ ഡ്രൈവിലേക്ക് പായിച്ച് കരിയറിലെ ആറാം സെഞ്ച്വറി സ്വന്തമാക്കുകയായിരുന്നു. നേരത്തേ,  ഉസ്മാന്‍  കവാജയുമായി സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഷോണ്‍ മാര്‍ഷ് അതേ നടപടി സഹോദരനായ മിച്ചല്‍ മാര്‍ഷുമായും ആവര്‍ത്തിക്കുകയായിരുന്നു.  സ്‌കോര്‍ 544ല്‍ നില്‍ക്കേ 186ാം ഓവറിന്റെ അവസാന പന്തില്‍ 101 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിനെ കുറാന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. പിന്നാലെ 156 റണ്‍സെടുത്ത  ഷോണ്‍ മാര്‍ഷിനെ സ്റ്റോണ്‍മാന്‍ റണ്ണൗട്ടാക്കുകയും ചെയ്തതോടെ മാര്‍ഷ് തരംഗം അവസാനിച്ചു. പിന്നീട് വന്ന മിച്ചല്‍ സ്റ്റാര്‍ക്കും (11) ടിം പെയ്‌നും (38*) പാറ്റ് കുമ്മിന്‍സും (24*) ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്.  ഓസീസ് സ്‌കോര്‍ബോര്‍ഡ് ഏഴ് വിക്കറ്റിന് 649എന്ന നിലയില്‍ നില്‍ക്കെ ആസ്‌ത്രേലിയ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
കൂറ്റന്‍ ലീഡുമായി രണ്ടാം ഇന്നിങ്‌സില്‍ ഇറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ അപകടത്തോടെയായിരുന്നു.സ്‌കോര്‍ അഞ്ചില്‍ നില്‍ക്കേ സ്റ്റോണ്‍മാനും (0), 15ല്‍ നില്‍ക്കേ അലസ്റ്റര്‍ കുക്കും(10) സ്‌കോര്‍ 43ല്‍ നില്‍ക്കേ ജെയിംസ് വിന്‍സും(18) സ്‌കോര്‍ 68ല്‍ നില്‍ക്കേ ഡേവിഡ് മലാനും(5) കൂടാരം കയറിതോടെ ഇംഗ്ലണ്ട് തകര്‍ച്ചയെ മുന്നില്‍ കണ്ടു. ഇതിനിടെ അലിസ്റ്റര്‍ കുക്ക് ടെസ്റ്റ് കരിയറില്‍ 12000 റണ്‍സും കൂട്ടിച്ചേര്‍ത്തു. പുറത്താവാതെ 42 റണ്‍സെടുത്ത നായകന്‍ ജോ റൂട്ടിന് മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. 17 റണ്‍സോടെ ബെയര്‍‌സ്റ്റോയും കൂട്ടിനുണ്ട്. ആറ് വിക്കറ്റ് ശേഷിക്കേ, ആസ്‌ത്രേലിയയുടെ ഒന്നാം ഇന്നിങ്‌സിനേക്കാള്‍ ഇംഗ്ലണ്ട് 210 റണ്‍സ് പിറകിലാണ്. ഇന്ന് ഇംഗ്ലണ്ടിന്റെ ശേഷിക്കുന്ന ആറ് വിക്കറ്റും പിഴുതാല്‍ ആസ്‌ത്രേലിയക്ക് ഇംഗ്ലണ്ടിനെ 4-0 ന്റെ സമ്പൂര്‍ണ തോല്‍വിയോടെ നാട്ടിലേക്ക് പറഞ്ഞയക്കാം.

RELATED STORIES

Share it
Top