ചേകന്നൂര്‍ മൗലവി വധം: ഏക പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു

കൊച്ചി: ചേകന്നൂര്‍ മൗലവിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന സിബിഐ കേസില്‍ ശിക്ഷിക്കപ്പെട്ട ഏക പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. 2010 സപ്തംബര്‍ 29ന് എറണാകുളത്തെ സിബിഐ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച മലപ്പുറം വലിയവീട്ടില്‍ വി വി ഹംസയെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അപ്പീലില്‍ വെറുതെവിട്ടത്. നേരത്തേ വെറുതെവിട്ട നാലാംപ്രതി മുഹമ്മദ് ബഷീറിനെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച അപ്പീലും ചേകന്നൂരിന്റെ ബന്ധു സലീം ഹാജി സമര്‍പ്പിച്ച ഹരജിയും ഹൈക്കോടതി തള്ളി. സാക്ഷിമൊഴികള്‍ പരിഗണിച്ച് പ്രതികളെ ശിക്ഷിക്കണമെന്നാണ് സിബിഐ വാദിച്ചത്.
കേസിലെ ഒന്നാംപ്രതിയായ ഹംസയും നാലാംപ്രതിയായ മുഹമ്മദ് ബഷീറും മൗലവിയുടെ വീട്ടിലെത്തി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയശേഷം മറ്റു പ്രതികളും കൂടി ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് സിബിഐ വാദിച്ചത്. മൗലവി കൊല്ലപ്പെട്ടതിന് തെളിവില്ലെന്നും ചുവന്നകുന്ന് എന്ന സ്ഥലത്ത് തിരച്ചില്‍ നടത്തിയിട്ടും മൃതദേഹം ലഭിച്ചില്ലെന്നും പ്രതിഭാഗം വാദിച്ചു. പ്രോസിക്യൂഷന്‍ സാക്ഷികളായ ചേകന്നൂരിന്റെ ഭാര്യ ഹവ്വ ഉമ്മ, അബ്ദുല്‍ ജബ്ബാര്‍ എന്നിവരുടെ മൊഴിയില്‍ നിരവധി വൈരുധ്യങ്ങളുണ്ടെന്നും പ്രതിഭാഗം വാദിച്ചു. മൗലവിയെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയെന്ന് പറയുന്ന ഈ രണ്ടുപേരുമൊത്താണ് മൗലവിയെ അവസാനമായി കണ്ടതെന്നതിനാല്‍ മാത്രം ഇവരെ ശിക്ഷിക്കാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മൗലവിയെ പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് സിബിഐ പറയുന്നതെങ്കിലും അതിനു വേണ്ട തെളിവുകള്‍ ഹാജരാക്കാനായിട്ടില്ല.
1993 ജൂലൈ 29ന് മൗലവിയെ കാണാതായെന്നാണ് പൊന്നാനി പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കൊല്ലപ്പെട്ടുവെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ മൃതദേഹം ലഭിച്ചിട്ടില്ല. മൃതദേഹം ലഭിച്ചില്ലെങ്കിലും ശക്തമായ സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും ഉണ്ടെങ്കില്‍ കാണാതായ ആള്‍ മരിച്ചുവെന്ന് ഉറപ്പിക്കാമെന്നാണ് രാമാനന്ദ് കേസില്‍ സുപ്രിംകോടതി വിധിച്ചത്. പക്ഷേ, ഈ കേസില്‍ അങ്ങനെയുള്ള തെളിവുകളില്ല. അവസാനം കൂടെ കണ്ടു എന്നതുകൊണ്ട് മാത്രമാണ് സിബിഐ കോടതി ഹംസയെ ശിക്ഷിച്ചത്. പക്ഷേ, ചേകന്നൂര്‍ മരിച്ചുവെന്നതിന് തെളിവു ഹാജരാക്കാന്‍ സിബിഐക്കു കഴിഞ്ഞിട്ടില്ല. ചേകന്നൂരിനെ കാണാതായെന്ന് ചൂണ്ടിക്കാട്ടി പൊന്നാനി കോടതിയില്‍ നല്‍കിയ പരാതിയിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലും വിചാരണക്കോടതിയിലും നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ട്. സാക്ഷിമൊഴികള്‍ ദുര്‍ബലമാണ്.
മൗലവിയെ തട്ടിക്കൊണ്ടുപോയെന്നു പറയുന്ന പ്രതികളില്‍ നിന്ന് മൗലവിയെ പിന്നീട് എന്തു ചെയ്തുവെന്നത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ സിബിഐക്ക് കഴിഞ്ഞിട്ടില്ല. അതിനാല്‍ കൊല്ലാനും തെളിവു നശിപ്പിക്കാനും ഗൂഢാലോചന നടത്തിയെന്ന സിബിഐ കേസ് നിലനില്‍ക്കില്ല. പ്രതികളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ സംബന്ധിച്ച് ശക്തമായി വാദിച്ചെങ്കിലും അത് തെളിയിക്കുന്നതില്‍ സിബിഐ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. മാത്രമല്ല, കേസന്വേഷണത്തിന്റെ ചില ഘട്ടങ്ങളിലെ സിബിഐ ഉദ്യോഗസ്ഥരുടെ പ്രവൃത്തികള്‍ സംശയാസ്പദമാണ്. ചേകന്നൂര്‍ മൗലവി വ്യത്യസ്തമായ ആശയശാസ്ത്രം സ്വീകരിച്ചത് കൊലയ്ക്കു കാരണമായി എന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

RELATED STORIES

Share it
Top