ചേകന്നൂര്‍ മൗലവിയുടെ തിരോധാനത്തിന് കാല്‍നൂറ്റാണ്ട്

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: ചേകന്നൂര്‍ മൗലവിയുടെ തിരോധാനത്തിന് കാല്‍നൂറ്റാണ്ട് പിന്നിട്ടു. എന്നിട്ടും കുടുംബത്തിന് നീതി കിട്ടിയില്ല. മൗലവി കൊലചെയ്യപ്പെട്ടുവെന്ന് കോടതി സ്ഥിരീകരിച്ചപ്പോഴും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായിട്ടില്ല.
1993 ജൂലൈ 29ന് മതപ്രഭാഷണത്തിനെന്ന പേരില്‍ മൗലവിയെ ഒരുസംഘം എടപ്പാള്‍ ചേകന്നൂരിലെ വീട്ടില്‍ നിന്നു കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ലോക്കല്‍ പോലിസും ക്രൈംബ്രാഞ്ചും പിന്നീട് സിബിഐയും കേസ് അന്വേഷിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ ഉള്‍പ്പെടെ 10 പേരെ കേസില്‍ പ്രതിചേര്‍ത്തു. കാന്തപുരത്തെ പിന്നീട് കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. എട്ടു പേരെ വെറുതെവിട്ട കോടതി ഒരു പ്രതിക്ക് ഇരട്ട ജീവപര്യന്തം വിധിച്ചു. മൗലവി കൊല്ലപ്പെട്ടെന്ന് കോടതി സ്ഥിരീകരിക്കുമ്പോ ഴും മൃതദേഹം കണ്ടെത്താനായില്ല. അതുകൊണ്ടുതന്നെ പൂര്‍ണ നീതി ലഭിച്ചില്ലെന്ന വിശ്വാസത്തിലാണു മൗലവിയുടെ കുടുംബം. ചേകന്നൂര്‍ മൗലവി സ്ഥാപിച്ച ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി കാല്‍നൂറ്റാണ്ടിനിപ്പുറം പലതായി പിളര്‍ന്നു.
18 പുസ്തകങ്ങളും 100ലധികം ലേഖനങ്ങളും അതിലേറെ സംവാദങ്ങളും നടത്തിയ പണ്ഡിതനായിരുന്നു ചേകന്നൂര്‍. ചേകന്നൂര്‍ പള്ളി ദര്‍സ്, ദാറുല്‍ ഉലൂം വാഴക്കാട്, വെല്ലൂര്‍ ബാഖിയാത്ത് എന്നിവിടങ്ങളിലായിരുന്നു മതപഠനം. 1993ല്‍ ഈ ഗവേഷണം രിസാല എന്ന പേരില്‍ അറബിയില്‍ പ്രസിദ്ധീകരിച്ചു.
1961ല്‍ ഫാസില്‍ ബിരുദം കരസ്ഥമാക്കിയ ചേകന്നൂര്‍, അക്കാലത്തെ പ്രധാന ദര്‍സായ ചങ്ങരംകുളം കോക്കൂര്‍ പള്ളി ദര്‍സില്‍ പ്രധാനാധ്യാപകനായി.
1993 ജൂലൈ 29ന് മൗലവിയെ വീട്ടില്‍ നിന്നിറക്കി ക്കൊണ്ടുപോവുന്നതു മുതല്‍ കൊലപാതകവും മൃതദേഹം മറവുചെയ്യലും അടക്കം നാലു സംഘങ്ങളായാണ് കൊല ആസൂത്രണം ചെയ്തതെന്ന് സിബിഐ കണ്ടെത്തിയിരുന്നു. മൗലവിയെ വീട്ടില്‍ നിന്നു വാഹനത്തി ല്‍ രണ്ടുപേര്‍ വിളിച്ചുകൊണ്ടുപോയി. വഴിമധ്യേ കക്കാടു നിന്ന് അഞ്ചുപേര്‍ കൂടി വാഹനത്തില്‍ കയറി ശ്വാസം മുട്ടിച്ച് കൊന്ന ശേഷം പുളിക്കല്‍ ചുവന്നകുന്നില്‍ കുഴിച്ചിടുകയായിരുന്നു. പിന്നീട് മറ്റൊരു സംഘം ചുവന്നകുന്നില്‍ നിന്ന് മൃതദേഹം മാറ്റിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. കേസില്‍ ഒമ്പതു പ്രതികളുണ്ടായിരുന്നുവെങ്കിലും കക്കിടിപ്പുറം ആലംകോട് സ്വദേശി ഉസ്മാന്‍ സഖാഫിയെ മാത്രമാണ് ഇരട്ട ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.

RELATED STORIES

Share it
Top