ചെല്‍സിയെ വീഴ്ത്തി വെസ്റ്റ്ഹാംലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിയുടെ കിരീടമോഹങ്ങള്‍ അസ്തമിക്കുന്നു. ഇന്നലെ ലണ്ടനിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ വെസ്റ്റ്ഹാമിനോടേറ്റ തോല്‍വിയാണ് ചെല്‍സിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു വെസ്റ്റ്ഹാം ചെല്‍സിയെ അട്ടിമറിച്ചത്. 3-5-1-1 ശൈലിയിലായിരുന്നു വെസ്റ്റഹാമിന്റെ തട്ടകത്തില്‍ ചെല്‍സി ബൂട്ട് കെട്ടിയത്. അതേ സമയം 4-2-3-1 ശൈലിയില്‍ ഡേവിഡ് മോയസ് പരിശീലിപ്പിക്കുന്ന വെസ്റ്റ്ഹാമും കളത്തിലിറങ്ങി. ആറാം മിനിറ്റിലായിരുന്നു വെസ്റ്റ്ഹാമിന്റെ വിജയഗോള്‍ പിറന്നത്. ലന്‍സീനിയുടെ പാസില്‍ മികച്ച ഫിനിഷിലൂടെ  ഓസ്ട്രിയന്‍ താരം അനാടോവിച്ചാണ് വെസ്റ്റ്ഹാമിനെ മുന്നില്‍ എത്തിച്ചത്. ടീമിനായി  താരത്തിന്റെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്.  പിന്നീട് ചെല്‍സി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ പിറന്നില്ല.   രണ്ടാം പകുതിയില്‍ ബകയോകോക്ക് പകരം പെഡ്രോയെ ഇറക്കി  കോന്റെ പരീക്ഷണം നടത്തി. സമനില ഗോള്‍ കണ്ടെത്താനാവാതെ വന്നതോടെ മോസസിനെയും വില്യനേയും കളത്തിലിറക്കിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. മല്‍സരത്തിലുടനീളം ഗോളവസരങ്ങള്‍ തുറക്കുന്നതില്‍ മുന്നില്‍ നിന്നെങ്കിലും അവസരങ്ങള്‍ പാഴാക്കിയതാണ് ചെല്‍സിക്ക് വിനയായത്. അവസാന മിനിറ്റുകളില്‍ ചെല്‍സിക്ക് മൊറാട്ടയിലൂടെയും ഹസാര്‍ഡിലൂടെയും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഇരുവരും മോശം ഫിനിഷിലൂടെ അവസരം തുലച്ചതോടെ മല്‍സരം വെസ്റ്റ്ഹാമിന്റെ വരുതിയിലായി.16 മല്‍സരങ്ങളില്‍ നിന്ന് 32 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ചെല്‍സിയുള്ളത്.

RELATED STORIES

Share it
Top