ചെല്ലാനത്ത് കടല്‍ ക്ഷോഭം തുടരുന്നു; വീടുകള്‍ വെള്ളത്തില്‍

പള്ളുരുത്തി: ചെല്ലാനം തീരമേഖലയില്‍  കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്നു. നൂറിലേറെ വീടുകള്‍ വെള്ളത്തിലായി. ജനജീവിതം ദുസ്സഹമാക്കുന്ന രീതിയില്‍ കടല്‍ക്കയറ്റവും ശക്തമായ കാറ്റും തുടരുകയാണ്.
ഇന്നലെ രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ ചെല്ലാനം ഹാര്‍ബറില്‍ കെട്ടിയിട്ടിരുന്ന മല്‍സ്യബന്ധന വള്ളങ്ങള്‍ ഒഴുകിപോയി.
പല വീടുകളുടെ ഉള്ളിലേക്കും കയറാനാകാത്ത അവസ്ഥയാണ്. ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ നശിച്ച നിലയിലാണ്. അതിനിടെ കടല്‍ക്ഷോഭം ശക്തമായ മേഖലകളില്‍ റവന്യൂ സംഘം സന്ദര്‍ശനം നടത്തി.
ചെല്ലാനം സെന്റ് മേരീസ് സ്‌കൂളില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നിട്ടുണ്ടെങ്കിലും നാട്ടുകാര്‍ മാറി താമസിക്കുവാന്‍ തയ്യാറായിട്ടില്ല.
രാത്രി കടല്‍ക്കയറ്റം രൂക്ഷമായാല്‍ ആളുകളെ ഇങ്ങോട്ട് മാറ്റി താമസിപ്പിക്കുവാനുള്ള തയാറെടുപ്പിലാണ് റവന്യൂ അധികൃതര്‍. കമ്പിനിപ്പടി, ബസ്സാര്‍, വേളാങ്കണ്ണി, ഗണപതിക്കാട് പ്രദേശങ്ങളിലാണ് നിരവധി വീടുകളില്‍ വെള്ളം കയറിയത്.
കടല്‍കയറ്റം തടയുന്നതിനായി ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് സ്ഥാപിച്ച ജിയോ ട്യൂബുകളെല്ലാം കടല്‍ക്ഷോഭത്തില്‍ ഒലിച്ചുപോയി.
ശനിയാഴ്ച രാവിലെയാണ് നേരിയതോതില്‍ തീരത്ത് കടല്‍കയറി തുടങ്ങിയത്. ഉച്ചയോടുകൂടി രൂക്ഷമായി വെള്ളം ഇരച്ചുകയറുകയായിരുന്നു.
കടല്‍ കവിഞ്ഞു വരുന്ന വെള്ളം ഒഴുകിപോവുന്ന വിജയംകനാല്‍ കടല്‍മണ്ണ് വീണ് നിറഞ്ഞതും കടല്‍ക്ഷോഭം രൂക്ഷമാവാന്‍ കാരണമായതായി നാട്ടുകാര്‍ പറയുന്നു. ഒഴുക്കുചാലില്‍ നിന്നും മുന്‍ കാലങ്ങളില്‍ നാട്ടുകാര്‍ തന്നെ മണല്‍ മാറ്റി ആഴം വര്‍ധിപ്പിക്കാറുണ്ടായിരുന്നുവെങ്കിലും മണല്‍ നീക്കം ചെയ്യുന്നതിന് നിയന്ത്രണം വന്നതോടെ ജോലികള്‍ തടസ്സപ്പെട്ടതായും നാട്ടുകാര്‍ ആരോപിച്ചു.
വരും ദിവസങ്ങളിലും കടല്‍കയറ്റം വര്‍ധിക്കുമെന്ന് ഇവര്‍ പറഞ്ഞു.
അതേസമയം മറുവക്കാട്, കമ്പനിപടി എന്നിവടങ്ങളില്‍ കനാലുകളും തോടുകളും ആഴം കൂട്ടിയെങ്കിലും മണല്‍നീക്കം നടക്കാത്തതിനാല്‍ ഇത് ഫലം കണ്ടില്ല.
മണല്‍ നീക്കം കാര്യക്ഷമമാക്കണമെന്നും ഇത് സംബന്ധിച്ച കൂലി വ്യവസ്ഥയില്‍ പ്രാദേശികവാസികളേയും ചുമതലപ്പെടുത്തണമെന്ന് പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top