ചെലവു ചുരുക്കലിനൊപ്പം വികല പരിഷ്‌കാരങ്ങളും

പുതുതായി 3 ഇനങ്ങള്‍, 2 ഇനങ്ങള്‍ പുറത്ത്
ആശങ്കയോടെ വിദ്യാര്‍ഥികളും അധ്യാപകരുംതിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കി സംസ്ഥാന സ്‌കൂള്‍ കായികമേള നടത്തുന്നതിനോടൊപ്പം വികലമായ ചില പരിഷ്‌കാരങ്ങള്‍ കൂടി ഇത്തവണ സ്‌കൂള്‍ കായികോല്‍സവത്തിലെത്തി. ജില്ലകളിലെ മൂന്നാംസ്ഥാനക്കാരെ ഒഴിവാക്കിയാണ് ഇത്തവണ കായികോല്‍സവം നടത്തുന്നത്. ഇതോടെ ആദ്യസ്ഥാനങ്ങളിലെത്താന്‍ സാധ്യതയുള്ള ഒരു കൂട്ടം പ്രതിഭകളാണ് കായികമേളയ്ക്ക് പുറത്തായത്.
ജില്ലകളിലെ മൂന്നാംസ്ഥാനക്കാര്‍ക്ക് സംസ്ഥാനതലത്തില്‍ മൂന്നാംസ്ഥാനം നേടിയാലും ഗ്രേസ് മാര്‍ക്കും പിഎസ്‌സി പരീക്ഷകളില്‍ മുന്‍ഗണനയും ലഭിച്ചിരുന്നു. ആയിരത്തോളം വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ മൂന്നാംസ്ഥാനക്കാരുടെ അവസരം ഇത്തരത്തില്‍ നഷ്ടപ്പെടും. കൂടാതെ ജില്ലാതലത്തിലെ മൂന്നാംസ്ഥാനക്കാര്‍ പലപ്പോഴും സംസ്ഥാനതലത്തിലെത്തുമ്പോള്‍ രണ്ടാമതോ ഒന്നാമതോ ആയി വരാറുമുണ്ടായിരുന്നു. ഇത്തവണ പക്ഷേ അവരും ട്രാക്കില്‍ നിന്നും പുറത്തായി. എറണാകുളത്തേയും പാലക്കാട്ടെയും പ്രമുഖ സ്‌കൂളുകളിലെ കായികാധ്യാപകരും സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരേ രംഗത്തുവന്നിട്ടുണ്ട്.
ചെലവു ചുരുക്കലിനൊപ്പം നിരവധി പരിഷ്‌കാരങ്ങളും ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്. 3 ഇനങ്ങള്‍ പുതുതായി കായികമേളയില്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ 2 ഇനങ്ങള്‍ ഒഴിവാക്കി. ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്റെ നിര്‍ദേശപ്രകാരമാണു സംസ്ഥാന മീറ്റിലെ മാറ്റങ്ങള്‍. മാറ്റം വരുത്തിയ ഇനങ്ങളിലെല്ലാം ഈ വര്‍ഷത്തെ മികച്ച പ്രകടനമാകും റെക്കോര്‍ഡായി രേഖപ്പെടുത്തുക.
ജൂനിയര്‍ (അണ്ടര്‍ 17) വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇതാദ്യമായി 400 മീറ്റര്‍ ഹര്‍ഡില്‍സ് മല്‍സരം കൊണ്ടുവന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ 5,000 മീറ്റര്‍ ഓട്ടം ഒഴിവാക്കി 3,000 മീറ്ററാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ 5,000 മീറ്റര്‍ ഓട്ടം ഒഴിവാക്കി.
ക്രോസ് കണ്‍ട്രിയില്‍ ആണ്‍കുട്ടികള്‍ക്ക് 5 കിലോമീറ്റര്‍ ഉണ്ടായിരുന്നത് ആറാക്കി മാറ്റും. പെണ്‍കുട്ടികളുടേതു 3 കിലോമീറ്ററില്‍നിന്ന് നാലാക്കി കൂട്ടി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സ് 110 മീറ്ററാക്കിയിട്ടുമുണ്ട്. ഹര്‍ഡില്‍സില്‍ സീനിയര്‍ ആണ്‍ 110 മീറ്ററില്‍ 106.70 സെന്റിമീറ്ററില്‍ നിന്ന് ഉയരം 91.40 സെന്റിമീറ്ററാക്കി. സീനിയര്‍, ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഉയരം 84ല്‍ നിന്ന് 76.20 സെന്റിമീറ്ററാക്കി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്ററിന്റേത് (ഇതുവരെ 100 മീറ്റര്‍) 99 സെന്റിമീറ്ററില്‍നിന്ന് 91.40 ആക്കി.
സബ്ജൂനിയര്‍ ഷോട്ട്പുട്ടില്‍ ഷോട്ടിന്റെ തൂക്കം 4 കിലോയില്‍നിന്ന് 3 കിലോയാക്കി. ഹാമര്‍ത്രോയില്‍ ജൂനിയര്‍, സീനിയര്‍ പെണ്‍കുട്ടികള്‍ക്ക് ഇനി 3 കിലോയായിരിക്കും. നിലവില്‍ 4 കിലോ.
സീനിയറിലും ജൂനിയറിലും പെണ്‍കുട്ടികളുടെ ജാവലിന് ഇനി 500 ഗ്രാം തൂക്കമേ ഉണ്ടാവൂ. നിലവില്‍ ഇത് 600 ഗ്രാമാണ്. ആണ്‍കുട്ടികളുടെ ജൂനിയറിലും സീനിയറിലും ജാവലിന്റെ ഭാരം ഒരുപോലെയാക്കി: 700 ഗ്രാമാണ് ഇത്തവണത്തെ ജാവലിന്റെ ഭാരമായി നിശ്ചയിച്ചിട്ടുള്ളത്

RELATED STORIES

Share it
Top