ചെലവഴിക്കാത്ത ഫണ്ട് നഷ്ടപരിഹാര തുകയിലേക്ക് അടയ്ക്കാന്‍ തീരുമാനം

ചാലക്കുടി: ചാലക്കുടി നഗരസഭയുടെ ചിലവഴിക്കാത്ത ഫണ്ട് നഷ്ടപരിഹാര തുകയിലേക്ക് അടക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ടൗ ണ്‍ ഹാള്‍ നിര്‍മ്മാണത്തിന്റെ പൂര്‍ത്തീകരണത്തിനായി നീക്കിവച്ച ഫണ്ട് നഷ്ടപരിഹാര തുകയിലേക്ക് വകയിരുത്താനുള്ള സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവിനാണ് കൗണ്‍സില്‍ യോഗത്തില്‍ അംഗീകാരം ലഭിച്ചത്.
തിങ്കളാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനമാകാതിരുന്ന ഈ വിഷയം ചര്‍ച്ച ചെയ്യാനായി ഇന്നലെ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. 2017-18വര്‍ഷത്തെ പദ്ധതിയില്‍ ടൗണ്‍ഹാള്‍ പൂര്‍ത്തീകരണത്തിനായി മൂന്ന് കോടി അറുപത് ലക്ഷം രൂപ വകയിരുത്തിയിരുന്നു.
ഇലട്രിക്കല്‍-സൗണ്ട് അടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാനായാണ് തുക നീക്കിവച്ചിരുന്നത്. ഇത് ടെണ്ടര്‍ ചെയ്യണമെങ്കില്‍ പി.ഡബ്ല്യു.ഡി.ഇലട്രിക്കല്‍ വിഭാഗം, ശബ്ദ മലിനീകരണ നിയന്ത്രണ വിഭാഗം എന്നിവയുടെ അനുമതി വേണം.
ഈ വിഭാഗങ്ങളുടെ അനുമതി ലഭിക്കാന്‍ കാലതാമസം നേരിട്ടു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തികള്‍ ആരംഭിച്ചാലും മാര്‍ച്ച് 31ന് മുമ്പ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനാകില്ല. ഈ സാഹചര്യത്തിലാണ് ഈ ഫണ്ട് നഷ്ടപരിഹാര തുകയിലേക്ക് മാറ്റുവാനായി ഭരണപക്ഷം സര്‍ക്കാരിനെ സമീപിച്ചത്.
ഇതിന് സര്‍ക്കാര്‍ അനുമതിയും ലഭിച്ചു. എന്നാല്‍ ഇക്കാര്യം കൗണ്‍സിലില്‍ അറിയിച്ചിട്ടില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സിലില്‍ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ കൗണ്‍സില്‍ നിര്‍ത്തിവച്ച് പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്താനായില്ല. തുടര്‍ന്നാണ് ഈ വിഷയം ചര്‍ച്ച ചെയ്യാനായി ഇന്നലെ പ്രത്യേക യോഗം ചേരുകയായിരുന്നു.
ഈ യോഗത്തിലാണ് തീരുമാനമായത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ടൗണ്‍ഹാള്‍ പൂര്‍ത്തീകരണത്തിന് തുക വകയിരുത്തുമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. എന്നാല്‍ തുക എങ്ങനെ വകയിരുത്തും എന്ന കാര്യത്തില്‍ കൃത്യത നല്‍കാന്‍ ചെയര്‍പേഴ്‌സനായില്ല എന്നാരോപിച്ച് പ്രതിപക്ഷം യോഗത്തില്‍ നിന്നും ഇറങ്ങിപോയി. ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top