ചെലവഴിക്കപ്പെടാത്ത കേന്ദ്ര ഫണ്ട് പ്രത്യേകം സൂക്ഷിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ചെലവഴിക്കപ്പെടാതെ കിടക്കുന്ന കേന്ദ്ര ഫണ്ട് വായ്പാ പരിധിയില്‍ പെടുത്തുമെന്ന അറിയിപ്പിനെ തുടര്‍ന്ന് ഈ തുക പ്രത്യേകം സൂക്ഷിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവില്‍ ഒരോ വകുപ്പുകളിലും ചെലവഴിക്കപ്പെടാതെ കിടക്കുന്ന പണം പ്രത്യേകം ട്രഷറി അക്കൗണ്ടില്‍ സൂക്ഷിക്കുന്ന സാഹചര്യമാണുണ്ടായിരുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട് കൂടുതല്‍ വായ്പയെടുക്കാന്‍ കാത്തിരിക്കുന്ന സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തിന്റെ നീക്കത്തില്‍ അപകടം മുന്നില്‍ കണ്ടാണ് പുതിയതീരുമാനം. ഇപ്രകാരം ചെലവഴിക്കപ്പെടാതെ കിടക്കുന്ന പണം പതിനായിരം കോടി വരുമെന്നാണ് കേന്ദ്രത്തിന്റെ വാദമെങ്കിലും 5500 കോടി മാത്രമേയുള്ളൂവെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. അജണ്ടയ്ക്ക് പുറത്തു നിന്ന് വന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ നിര്‍ദേശം മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. വകുപ്പുകള്‍ ആവശ്യപ്പെടുമ്പോള്‍ തുക എടുക്കാമെന്ന മാനദണ്ഡത്തോടെയാണ് അംഗീകാരം നല്‍കിയത്. കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷന് ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോര്‍പറേഷനില്‍നിന്ന് വായ്പ ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാര്‍ ഗ്യാരന്റി മൂന്നു കോടി രൂപയില്‍നിന്നും ആറു കോടിയായി വര്‍ധിപ്പിച്ച് അഞ്ചു വര്‍ഷത്തേക്ക് ഗ്യാരന്റി വ്യവസ്ഥകള്‍ക്കു വിധേയമായി നല്‍കാന്‍ തീരുമാനിച്ചു. തൃശൂര്‍ സര്‍ക്കാര്‍ ഡെന്റല്‍ കോളജില്‍ ഓര്‍ത്തോഡോണ്ടിക്‌സ് വിഭാഗത്തില്‍ ഒരു പ്രഫസര്‍ തസ്തികയും പ്രോസ്‌തോഡോണ്ടിക്‌സ്, ഓറല്‍ പത്തോളജി എന്നീ വിഭാഗങ്ങളിലായി ഓരോ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയും സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇടമലയാര്‍ ഉള്‍വനങ്ങളിലെ വാരിയം കോളനിയില്‍ താമസിക്കുന്ന മുതുവാന്‍- മന്നാന്‍ വിഭാഗത്തില്‍പ്പെടുന്ന എട്ട് ആദിവാസി സെറ്റില്‍മെന്റുകളിലെ 67 കുടുംബങ്ങള്‍ക്ക് ഉള്‍വനത്തിലെ ഒറ്റപ്പെട്ട അവസ്ഥയും ജീവിത സൗകര്യങ്ങളുടെ അപര്യാപ്തതയും വന്യമൃഗങ്ങളുടെ ശല്യവും കണക്കിലെടുത്ത് അവരെ പന്തപ്രയിലെ ഉരുളന്‍തണ്ണിതേക്ക് പ്ലാന്റേഷനിലേക്ക് പുനരധിവസിപ്പിക്കുന്നതിന് തീരുമാനിച്ചു. ഇവര്‍ക്ക് ഓരോ കുടുംബത്തിനും രണ്ട് ഏക്കര്‍വീതവും മറ്റ് പൊതു വികസനങ്ങള്‍ക്കായി 26.8 ഏക്കറും (20 ശതമാനവും) ഭൂമിമേല്‍ പ്ലാന്റേഷനിലെ തിരഞ്ഞെടുത്ത ഭാഗങ്ങളില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. പുനരധിവാസത്തിനുള്ള സത്വര നടപടികള്‍ പട്ടികവര്‍ഗ വികസന വകുപ്പും വനം വകുപ്പും സംയുക്തമായി നടപ്പാക്കാനും തീരുമാനിച്ചു. ഓഖി ദുരിതാശ്വാസ നിധിയിലേക്ക്  മന്ത്രിമാര്‍ ഒരു ദിവസത്തെ വേതനം സംഭാവന നല്‍കി. ചെക്ക് ചീഫ് സെക്രട്ടറിക്ക് കൈമാറി. ചേര്‍ത്തല ട്രാവന്‍കൂര്‍ മേറ്റ്‌സ് ആന്റ് മാറ്റിങ് കമ്പനി ഒരു ലക്ഷം രൂപയുടെ ചെക്ക് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയന്‍ ചെക്ക് ഏറ്റുവാങ്ങി. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാനും 20 അംഗങ്ങളും അവരുടെ രണ്ടു ദിവസത്തെ വേതനമായ ഒരു ലക്ഷത്തി അയ്യായിരം രൂപയും കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ അഞ്ചു ലക്ഷം രൂപയും ഗെയില്‍ ജീവനക്കാര്‍ ഒരു ദിവസത്തെ വേതനമായ 1,45,000 രൂപയും തിരുവനന്തപുരത്തെ കേരള വര്‍ക്കിങ് വിമന്‍സ് അസോസിയേഷന്‍ ഒരു ലക്ഷം രൂപയും വഞ്ചിയൂര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ അമ്പതിനായിരം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രഫ. പി ജെ കുര്യന്‍ അമ്പതിനായിരം രൂപയുടെയും മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരന്‍ പതിനായിരം രൂപയുടെയും ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

RELATED STORIES

Share it
Top