ചെറു തടയണകള്‍ അശാസ്ത്രീയമെന്ന് പ്രതിപക്ഷം

വടക്കാഞ്ചേരി: തെക്കുംകര പേരേപ്പാറ ഡാമിനകത്ത് തൊഴിലുറപ്പു തൊഴിലാളികളെ വച്ച് നിര്‍മിച്ചിട്ടുള്ള ചെറു തടയണകള്‍ അശാസ്ത്രീയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇത് ഗുരുതരമായ ഫണ്ട് ദുര്‍വിനിയോഗമായി കണക്കാക്കി കലക്ടര്‍ക്ക് പരാതി നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു. ഡാമില്‍ നിര്‍മിച്ചിട്ടുള്ള ചെറുതടയണകള്‍ വെള്ളം തടഞ്ഞ് നിര്‍ത്താന്‍ സഹായിക്കുന്നതല്ല. മാത്രമല്ല, സ്വാഭാവിക നീരൊഴുക്കിനെ ഇത് തടയുമെന്നും ആക്ഷേപമുണ്ട്.
ഡാം ഏറ്റെടുക്കുന്നത് വൈകിപ്പിച്ചത് സിപിഎം നേതൃത്വമാണെന്നും കോണ്‍ഗ്രസിനെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ രാഷ്ടീയ ഇരട്ടത്താപ്പാണെന്നും തെക്കുംകര കോണ്‍ഗ്രസ് മണ്ഡലം നേതാക്കള്‍ ആരോപിച്ചു. ഡാം ഏറ്റെടുക്കല്‍ സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ അര്‍ഹമായ നഷ്ട പരിഹാരം ലഭിക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം ന്യായമാണെന്ന് 1977 ല്‍ തന്നെ കോടതിക്കും കോണ്‍ഗ്രസിനും ബോധ്യപ്പെട്ടതാണ്. സിപിഎമ്മിന് അത് ബോധ്യപ്പെടാന്‍ 40 വര്‍ഷം വേണ്ടി വന്നതാണ് ഡാം ഏറ്റെടുക്കല്‍ വൈകിപ്പിച്ചതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് പി ജെ രാജു ,തോമസ് പുത്തൂര്‍ ,വി ജി സുരേഷ്‌കുമാര്‍, വറീത് ചിറ്റിലപ്പിള്ളി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളാണ് ഡാം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങള്‍ക്കു മുന്‍പില്‍ ആരോപണം ഉന്നയിച്ചത്.

RELATED STORIES

Share it
Top