ചെറുശ്ശോല ജാഫര്‍ വധക്കേസ്: പ്രതിക്ക് ഏഴുവര്‍ഷം കഠിന തടവ്

മഞ്ചേരി: രണ്ടത്താണി ചെറുശ്ശോല പുതുപ്പള്ളി ബുഖാരിയുടെ മകന്‍ ജാഫര്‍ (32) കുത്തേറ്റു മരിച്ച കേസില്‍ പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവു ശിക്ഷ. രണ്ടത്താണി ചെനക്കല്‍ തോഴന്നൂര്‍ വളപ്പില്‍ യാസര്‍ (24) നെതിരെയാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി എ വി നാരായണന്‍ ശിക്ഷ വിധിച്ചത്. 2012 ജൂലായ് 9നാണ് കേസിനാസ്പദമായ സംഭവം. പ്രദേശത്ത് യുവാക്കള്‍ തുടരുന്ന മദ്യപാനത്തെ കൊല്ലപ്പെട്ട ജാഫര്‍ എതിര്‍ത്തിരുന്നു.  ഇതുലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
സംഭവ ദിവസമാണ് പ്രതിക്ക് 18 വയസ്സു തികയുന്നത്.  കൊല നടക്കുമ്പോള്‍ തനിക്ക് 18 വയസ്സു തികയാന്‍ രണ്ടു മണിക്കൂര്‍ ബാക്കിയുണ്ടായിരുന്നുവെന്നും അതിനാല്‍ കേസ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റണമെന്നുമുള്ള പ്രതിയുടെ ഹരജി കോടതി തള്ളിയിരുന്നു. കല്‍പ്പകഞ്ചേരി പൊലീസ് ആദ്യം കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും പിന്നീട് ഇന്ത്യന്‍ ശിക്ഷാ നിയമം 304 പ്രകാരം മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ് ചാര്‍ജ്ജ് ചെയ്തു.
കശാപ്പുതൊഴിലാളിയായ പ്രതി കൊലച്ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയല്ല എത്തിയതെന്നും കൂടെ കരുതുന്ന പണിയായുധമായ കത്തിയാണ് കൊലക്ക് ഉപയോഗിച്ചതെന്നും കോടതി കണ്ടെത്തി.  22 സാക്ഷികളില്‍ 13 പേരെ കടതി മുമ്പാകെ വിസ്തരിച്ചു.  പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പി പി ബാലകൃഷ്ണനും മുന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. അബ്ദുറഹിമാന്‍ കാരാട്ടും ഹാജരായി.

RELATED STORIES

Share it
Top