ചെറുപുഴ ചെക്ഡാം, പദ്ധതി തടസ്സപ്പെടുത്തിയാല്‍ പ്രതിഷേധമെന്ന് നാട്ടുകാര്‍

ചെറുപുഴ: കാര്യങ്കോട് പുഴയില്‍ നിര്‍മിച്ച ചെക്ഡാമിലെ ഷട്ടര്‍ നീക്കാനുള്ള ജലവിഭവ വകുപ്പിന്റെ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാവുന്നു. ഏഴിമല നാവിക അക്കാദമിയിലേക്കും രാമന്തളി പഞ്ചായത്തിലേക്കും കുടിവെള്ളം വിതരണം ചെയ്യുന്നത് ഇല്ലാതാവുമെന്ന വാദത്തിലാണ് അധികൃതര്‍. ചീമേനി പഞ്ചായത്തിലെ കാക്കടവ് പുഴയില്‍ നിന്നാണ് എഴിമലയിലേക്കും രാമന്തളി പഞ്ചായത്തിലേക്കും കുടിവെള്ളം നല്‍കുന്നത്. ചെറുപുഴ ചെക്ഡാം വന്നതോടെ കാക്കടവ് പുഴ വറ്റുമെന്നാണ് അധികൃതരുടെ വാദം. കൃഷിയാവശ്യത്തിനും ഈസ്റ്റ് എളേരി, ചെറുപുഴ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനുമാണ് കാര്യങ്കോട് പുഴയില്‍ കഴിഞ്ഞ വര്‍ഷം ചെക്ഡാം പണിതത്. ഇതിനായി രണ്ടുമീറ്റര്‍ ഉയരത്തില്‍ പലകയിട്ട് ജലം കെട്ടിനിര്‍ത്തിയിട്ടുണ്ട്. വേനല്‍ക്കാലത്ത് മേഖലയില്‍ കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടും. കൂടാതെ വെള്ളം കിട്ടാതെ കൃഷിയിടങ്ങള്‍ നശിക്കുകയും ചെയ്യും. ഈ പ്രശ്‌നം പരിഹരിക്കാനാണ് ചെക്ഡാം നിര്‍മിച്ചത്. കൂടാതെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ കുടിവെള്ള പദ്ധതി, ചെറുപുഴ പഞ്ചായത്തിലെ ഭൂദാനം ജലനിധി പദ്ധതി, കോഴിച്ചാല്‍ ജലനിധി പദ്ധതി എന്നിവയും ഈ ചെക്ഡാമിനെ ആശ്രയിച്ചാണു നടപ്പാക്കിയത്. എന്നാല്‍, ചെറുപുഴ തടയണയില്‍ വെള്ളം സംഭരിച്ചതോടെ കാക്കടവില്‍ ആവശ്യത്തിന് ജലം ലഭിക്കുന്നില്ലെന്നാണ് ജലവിഭവ വകുപ്പിന്റെ വാദം. ആവശ്യത്തിന് ജലം സംഭരിക്കാനുള്ള തയ്യാറെടുപ്പുകള്‍ അധികൃതര്‍ സ്വീകരിക്കാത്തതാണ് പ്രശ്‌നത്തിനു കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. പ്രതിവര്‍ഷം ലക്ഷക്കണക്കിനു രൂപ ചെലവില്‍ കാക്കടവില്‍ താല്‍ക്കാലിക തടയണ നിര്‍മിക്കാന്‍ വിനിയോഗിക്കുന്ന ജലവിഭവ വകുപ്പിന് ഒരു സ്ഥിരം തടയണ പണിയുക എന്നത് അസാധ്യമായ കാര്യമല്ല. ഇതിനായി വേണ്ടത്ര ശുഷ്‌കാന്തി കാട്ടാന്‍ അധികൃതര്‍ തയ്യാറല്ല. കാര്‍ഷികാവശ്യത്തിനായി പദ്ധതി നടപ്പാക്കി അതിന്റെ ഗുണഫലം ലഭിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.

RELATED STORIES

Share it
Top