ചെറുപുഴയില്‍ വഴിയോര കച്ചവടക്കാരും വ്യാപാരികളും തമ്മില്‍ വാക്കേറ്റം

ചെറുപുഴ: ടൗണില്‍ വഴിയോര കച്ചവടക്കാരും വ്യാപാരികളും തമ്മില്‍ വാക്കേറ്റം. പെട്ടി ഓട്ടോറിക്ഷയില്‍ പഴങ്ങള്‍ വില്‍ക്കാനെത്തിയവരെ ടൗണിലെ വ്യാപരികളില്‍ ചിലര്‍ തടഞ്ഞു. ഇന്നലെ വൈകീട്ട് 3.30ഓടെയാണ് സംഭവം.മേലെ ബസാറില്‍ പെട്ടി ഓട്ടോയില്‍ ആപ്പിളും ഓറഞ്ചും വില്‍ക്കാനെത്തിയവരെയാണ് ടൗണിലെ ചില വ്യാപാരികള്‍ തടഞ്ഞത്.
തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കവും വാക്കേറ്റവുമുണ്ടായി. മുമ്പും ഇവിടെ സമാനസംഭവം ഉണ്ടായിരുന്നു. വന്‍ മുതല്‍മുടക്കിയുള്ള തങ്ങളുടെ കച്ചവടത്തെ വഴിയോര കച്ചവടക്കാര്‍ തകര്‍ക്കുകയാണെന്നാണ് വ്യാപാരികളുടെ ആരോപണം. എന്നാല്‍ ഞങ്ങളും ജീവിക്കാന്‍ വേണ്ടിയാണ് കച്ചവടം നടത്തുന്നതെന്നാണ് വഴിയോര കച്ചവടക്കാരുടെ വാദം. നാട്ടുകാരില്‍ ചിലര്‍ വഴിയോര കച്ചവടക്കാര്‍ക്ക് പിന്തുണയുമായി എത്തിയതോടെ വ്യാപാരികള്‍ ചെറുപുഴ പോലിസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു. പോലിസെത്തി ഇരുകൂട്ടരുമായും ചര്‍ച്ച നടത്തവെ സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥയുണ്ടായി. പിന്നീട് വഴിയോര കച്ചവടക്കാരെ പോലിസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. അതിനിടെ, കാക്കഞ്ചാല്‍ മുതല്‍ ചെറുപുഴ പുതിയപാലം വരെ വാഹനങ്ങളില്‍ കൊണ്ടുവന്ന് പഴങ്ങള്‍, പച്ചക്കറി, മല്‍സ്യം എന്നിവ വില്‍ക്കുന്നത് അനധികൃതമാണെന്ന് ചെറുപുഴ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

RELATED STORIES

Share it
Top