ചെറുതുരുത്തി-ഷൊര്‍ണൂര്‍ തടയണ: അടിത്തറ നിര്‍മാണം പൂര്‍ത്തിയായി

ചെറുതുരുത്തി: ജനകീയ പദ്ധതിയായ ചെറുതുരുത്തി-ഷൊര്‍ണ്ണൂര്‍ തടയണയുടെ ഭാഗമായുള്ള അടിത്തറ നിര്‍മ്മാണം പൂര്‍ത്തിയായി. ഭാരതപ്പുഴക്കു കുറുകെ 360 മീറ്റര്‍ അടിത്തറ നിര്‍മ്മാണമാണ് ഇരു കരകളെയും ബന്ധിപ്പിച്ചു പൂര്‍ത്തിയായത്. തൃശൂര്‍, പാലക്കാട് രണ്ടു ജില്ലകളെ കൂടിയാണ് തടയണ ബന്ധിപ്പിച്ചത് എന്ന പ്രത്യേകത കുടിയുണ്ട്.
ഇതോടെ തടയണയുടെ ഒരു സുപ്രധാന ഘട്ടത്തിന്റെ പണി പൂര്‍ത്തിയായി. ഭൂമി കുഴിച്ചു പാറ കണ്ടെത്തി അതില്‍ നിന്നും നിര്‍മ്മാണം ആരംഭിച്ചു അതീവ ശ്രമകരമായാണ് അടിത്തറ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. നീരൊഴുക്കു നിയന്ത്രിച്ചാണ് രാത്രിയും പകലുമായി മദ്ധ്യഭാഗത്തു നിര്‍മ്മാണം നടന്നത്. ഇനി രണ്ടര മീറ്റര്‍ ഉയരമുള്ള ഷട്ടര്‍ സ്പാനുകളുടെ നിര്‍മ്മാണം കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ജൂണില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് സൂചന. 14.5 കോടി രൂപ ചിലവിലാണ് ചെറുതുരുത്തിഷൊര്‍ണ്ണൂര്‍ തടയണ നിര്‍മ്മാണം നടക്കുന്നത്. പ്രതീക്ഷിച്ചതിലും അതിവേഗം നിര്‍മ്മാണം നടക്കുന്നതിനാല്‍ കടുത്ത വേനലില്‍ ജലക്ഷാമം നേരിട്ടിരുന്ന ഇരു കരയിലെയും ജനങ്ങള്‍ ഏറെ പ്രതീക്ഷയിലാണ്. ഷൊര്‍ണ്ണൂര്‍ മുന്‍സിപ്പാലിറ്റിക്കും, നിരവധി പഞ്ചായത്തുകള്‍ക്കും കുടിവെള്ളം കിട്ടുന്ന പദ്ധതിയാണിത്. വര്‍ഷങ്ങളോളം നിര്‍മ്മാണം നിലച്ചു കിടന്ന പദ്ധതി അടുത്ത കാലത്താണ് നിര്‍മ്മാണം പുനരാരംഭിച്ചത്.

RELATED STORIES

Share it
Top