ചെറുതന ഗ്രാമപ്പഞ്ചായത്തിന് ഐഎസ്ഒ അംഗീകാരം

ഹരിപ്പാട്: ഗ്രാമപ്പഞ്ചായത്തുകളില്‍ നിന്ന് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം കണക്കിലെടുത്ത് ചെറുതന ഗ്രാമപ്പഞ്ചായത്തിന് ഐഎസ്ഒ അംഗീകാരം.  സേവനങ്ങളുടെ മികവ് സംബന്ധിച്ച് മികച്ച പരാമര്‍ശനങ്ങളോടെയാണ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്.
നികുതി പിരിവില്‍ 100 ശതമാനം നേട്ടം കൈവരിച്ച ജില്ലയിലെ 22 ഗ്രാമപ്പഞ്ചായത്തുകളിലൊന്നായി ചെറുതന. 2012-13 ന് ശേഷം ആദ്യമായിട്ടാണ് ഗ്രാമപ്പഞ്ചായത്ത് ഈ നേട്ടം കൈവരിക്കുന്നത്. പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി 2018-19 ലെ വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിക്ക് ജില്ലയിലാദ്യം സമര്‍പ്പിക്കുന്ന പഞ്ചായത്തുകളിലൊന്നായി മാറി ചെറുതന.2017-18 വാര്‍ഷിക പദ്ധതിയില്‍ 95 ശതമാനം പദ്ധതി ചിലവ് കൈവരിച്ചു.
അതു വഴി ആസ്തി പരിപാലന പദ്ധതിയാല്‍ നൂറ് ശതമാനം നേട്ടം കൈവരിച്ചു. ഗ്രാമപ്പഞ്ചായത്തില്‍ നിന്ന് ജനങ്ങള്‍ക്ക് നല്‍കുന്ന സേവനത്തിന് കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഓണ്‍ലൈന്‍ ഫയല്‍ ട്രാക്കിങ് സിസ്റ്റം നടപ്പിലാക്കി. ഗ്രാമപ്പഞ്ചായത്ത് ഭരണം സുതാര്യമാക്കുന്നതിന് വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സകര്‍മ്മ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് യോഗ തീരുമാനങ്ങള്‍ രേഖപ്പെടുത്തി തുടങ്ങിയ ജില്ലയിലെ തന്നെ പഞ്ചായത്തുകളിലൊന്നായി മാറി ചെറുതന. ഇതനുസരിച്ച് ഏറ്റവും ഒടുവില്‍ നടന്ന യോഗത്തിലെ തീരുമാനങ്ങള്‍ വരെ വെബ്‌സൈറ്റില്‍ ലഭ്യം.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ യോഗ തീരുമാനങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളളതും ചെറുതനയാണ്. 2014 ആഗസ്തില്‍ കൊല്ലം കോട്ടപ്പുറം ദേശീയ ജലപാത ഡ്രഡ്ജ് ചെയ്ത് ശേഖരിച്ച മണല്‍ കാര്യക്ഷമമായി വില്‍പന നടത്തിയത് ഈ വര്‍ഷമാണ്.
ഇതുവഴി സര്‍ക്കാരിനും ചെറുതന പഞ്ചായത്തിനും കഴിഞ്ഞ നാലുവര്‍ഷവും കൂടി 1.5 കോടി രൂപ ലഭിച്ചു. കരമാര്‍ഗം എത്തിപ്പറ്റാന്‍ സാധിക്കാത്ത ദുര്‍ഘടവും വിദൂരവുമായ പുഞ്ചപ്പാടശേഖരങ്ങളിലാണ് ഈ മണല്‍ ഡ്രഡ്ജ് ചെയ്തിട്ടിരുന്നത്. ആദ്യ കാലങ്ങളില്‍ വള്ളങ്ങളില്‍ എടുത്തു മാറ്റിയിരുന്ന മണല്‍ കാലതാമസം ഒഴിവാക്കാന്‍ ബാര്‍ജുകള്‍ ഉപയോഗിച്ച് നീക്കം ചെയ്ത് മണല്‍ നീക്കം സുതാര്യമാക്കി.ദേവികുളങ്ങര, കണ്ടല്ലൂര്‍, തൃക്കുന്നപ്പുഴ, കരുവാറ്റ, പുറക്കാട് എന്നി പഞ്ചായത്തുകളിലും ദേശീയ ജലപാത ഡ്രഡ്ജ് ചെയ്ത് മണല്‍ ശേഖരിച്ചിരുന്നുവെങ്കിലും ഇത്രയും കാര്യക്ഷമമായി മണല്‍ വില്‍പന നടത്തിയത് ചെറുതന ഗ്രാമപ്പഞ്ചായത്ത് മാത്രമാണ്.
ഈ കാലയളവില്‍ 9632 മെട്രിക് ടണ്‍ സിലിക്കാ മണല്‍ വിറ്റാണ് ഈ നേട്ടമുണ്ടാക്കിയത്. ഇനിയും 14000 മെട്രിക് ടണ്‍ ചെളി കലര്‍ന്ന മണല്‍കൂടി വില്‍പനക്കായി ശേഖരിച്ചിട്ടുണ്ട്. തൊട്ടടുത്ത കരുവാറ്റ ഗ്രാമപ്പഞ്ചായത്ത് മണല്‍ വില്‍പനയില്‍ കേവലം 28 ലക്ഷം രൂപ മാത്രമാണ് ഈ കാലയളവില്‍ നേടിയത്.

RELATED STORIES

Share it
Top