ചെറുകിട വ്യവസായ യൂനിറ്റുകള്‍ പ്രതിസന്ധിയില്‍

കൊടുങ്ങല്ലൂര്‍: മേഖലയിലെ വൈദ്യുതി നിയന്ത്രണം ദുരിതമായി മാറുന്നു. ചെറുകിട വ്യവസായ യൂണിറ്റുകള്‍ പ്രതിസന്ധിയില്‍. അറ്റകുറ്റപ്പണിയുടെയും ശേഷി വര്‍ദ്ധിപ്പിക്കലിന്റെയും ഭാഗമായി കൊടുങ്ങല്ലൂര്‍ സബ്ബ് സ്‌റ്റേഷനില്‍ നിന്നുമുള്ള വൈദ്യുതി വിതരണം നിറുത്തി വെച്ചതിനെ തുടര്‍ന്ന് മേഖലയില്‍ കെഎസ്ഇബി കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഈ മാസം 28 വരെ പകല്‍ വൈദ്യുതി വിതരണത്തില്‍ ഭാഗിക തടസ്സം നേരിടുമെന്നാണ് അറിയിപ്പ്. വൈദ്യുതി വിതരണം ഭാഗികമായി മാത്രം നടക്കുന്നതോടൊപ്പം വോള്‍ട്ടേജ് ക്ഷാമവും കാര്യമായി അനുഭവപ്പെടുന്നുണ്ട്.
ചാലക്കുടി സബ്ബ് സ്‌റ്റേഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നത് മൂലം കൊടുങ്ങല്ലൂരിലേക്കുള്ള വൈദ്യുതി വിതരണം സ്തംഭിച്ചിരിക്കുകയാണ്. ഒപ്പം കൊടുങ്ങല്ലൂരിലെ ചാപ്പാറ 66 കെവി സബ്ബ് സ്‌റ്റേഷന്‍ 110 കെവിയായി ഉയര്‍ത്തുന്ന പ്രവൃത്തിയും തുടങ്ങിയിട്ടുണ്ട്. ഫലത്തില്‍ കൊടുങ്ങല്ലൂര്‍ സബ്ബ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നില്ല. നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും വൈദ്യുതി വിതരണത്തിന് സമീപ സബ്ബ് സ്‌റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്.
അഞ്ചങ്ങാടി, മേത്തല, എറണാകുളം ജില്ലയിലെ അണ്ടിപ്പിള്ളിക്കാവ് എന്നീ സബ്ബ് സ്‌റ്റേഷനുകളില്‍ നിന്നുമാണ് ഇപ്പോള്‍ കൊടുങ്ങല്ലൂരിലേക്ക് വൈദ്യുതിയെത്തുന്നത്. വൈദ്യുതി നിയന്ത്രണം വ്യാപാര  വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ചെറുകിട വ്യവസായ യൂണിറ്റുകള്‍ വോള്‍ട്ടേജ് കുറവ് മൂലം പ്രവര്‍ത്തിക്കാനാവാത്ത അവസ്ഥയിലാണ്.
വ്യാപാര സ്ഥാപനങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. കടുത്ത വേനല്‍ചൂടും ഭീഷണിയായതിനാല്‍ വൈദ്യുതിയില്ലാത്ത അവസ്ഥ ഏറെ ദുരിതപൂര്‍ണമായി മാറുകയാണ്. ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന വൈദ്യുതി നിയന്ത്രണം നാട്ടുകാരെ ഏറെ പ്രതികൂലമായി ബാധിക്കുന്നതായാണ് പരാതി.

RELATED STORIES

Share it
Top