ചെറുകിട വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ നൂതന പദ്ധതി: മന്ത്രി

തിരുവനന്തപുരം: വ്യവസായരംഗത്ത് മൂലധന ദൗര്‍ലഭ്യം, വിപണന തടസ്സം, കാലഹരണപ്പെട്ട സാങ്കേതികവിദ്യ, ഉല്‍പന്നങ്ങളുടെ കുറഞ്ഞ സ്വീകാര്യത എന്നീ പ്രശ്‌നങ്ങള്‍ നേരിടുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) പുനരുജ്ജീവിപ്പിക്കാന്‍ നൂതന പദ്ധതിയൊരുങ്ങുന്നതായി വ്യവസായമന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു. ഇതിനായി 2017-18 വര്‍ഷത്തെ ബജറ്റില്‍ 300 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിവിധ പരാധീനതകള്‍  നേരിടുന്ന എംഎസ്എംഇ യൂനിറ്റുകള്‍ക്ക് ഈ പദ്ധതി പ്രകാരം സാമ്പത്തിക സഹായം ലഭിക്കും. വ്യവസായ വകുപ്പ് നടത്തിയ സര്‍വേയില്‍ ഇത്തരത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന 3489 യൂനിറ്റുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ജില്ലാതലത്തില്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കണ്‍വീനറുമായി 'വ്യവസായ മിത്ര' എന്ന പേരില്‍ എംഎസ്എംഇ വികസന സമിതിയും സംസ്ഥാനതലത്തില്‍ വ്യവസായ ഡയറക്ടര്‍ ചെയര്‍മാനും വ്യവസായ അഡീഷനല്‍ ഡയറക്ടര്‍ കണ്‍വീനറും മറ്റു ബന്ധപ്പെട്ടവരും അടങ്ങിയ അപ്പീല്‍ സമിതിയും രൂപീകരിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ഇതിനായി രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപോര്‍ട്ട് പരിഗണിച്ചാണ് സഹായം ലഭിക്കുന്നതിനു യോഗ്യരായ യൂനിറ്റുകളെ തിരഞ്ഞെടുക്കുന്നത്.
പദ്ധതിയുടെ ഭാഗമായി  വിശദമായ മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചതായി മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top