ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി നിര്യാതനായി

താനാളൂര്‍: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും എഴുത്തുകാരനും ഗ്രന്ഥകാരനും വാഗ്മിയുമായ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി (74) നിര്യാതനായി. ഖബറടക്കം ഇന്നു രാവിലെ 10ന് താനൂര്‍ പുത്തന്‍തെരു ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. രാവിലെ 7ന് ഫിര്‍ദൗസ് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഇന്നലെ രാവിലെ പത്തിന് പുത്തന്‍തെരുവിലെ വീട്ടിലായിരുന്നു അന്ത്യം. ഒരു വര്‍ഷത്തിലധികമായി മസ്തിഷ്‌കസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.
മലപ്പുറം ജില്ലയിലെ ചെറിയമുണ്ടം ഗ്രാമത്തില്‍ മുത്താണിക്കാട്ട് ഹൈദര്‍ മുസ്‌ല്യാരുടെയും ആയിശുമ്മയുടെയും മകനാണ്. വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളജ്, പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജ്, ജാമിഅ സലഫിയ്യ എന്നിവിടങ്ങളിലും പടിഞ്ഞാറക്കര, ബിപി അങ്ങാടി, പൊന്മുണ്ടം സ്‌കൂളുകളിലും അധ്യാപകനായിരുന്നു.
ശബാബ് വാരികയുടെ മുഖ്യ പത്രാധിപരായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. അറബി, ഇംഗ്ലീഷ്, തമിഴ് തുടങ്ങിയ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്ന മദനി, തിരൂര്‍ ഇന്തോ-അറബ് ബുക്ക്സ്റ്റാളിന്റെയും പ്രസ്സിന്റെയും പാര്‍ട്ണറായിരുന്നു. തിരൂര്‍ സന ബുക്ക്സ്റ്റാള്‍ ഉടമയാണ്.
വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷ (സംയുക്ത രചന)ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ആദര്‍ശ പ്രബോധന മേഖലയില്‍ മുക്കാല്‍ നൂറ്റാണ്ട് കാലം പ്രവര്‍ത്തിച്ച മൗലവി എല്ലാവരുമായും ഉറ്റബന്ധം പുലര്‍ത്തിയിരുന്നു.
നിറമരുതൂര്‍ പത്തമ്പാട് പാലംപറമ്പില്‍ കുഞ്ഞിബാവ മാസ്റ്ററുടെ മകള്‍ സൈനബയാണ് ഭാര്യ. മക്കള്‍: ഡോ. മുഹമ്മദ് അമീന്‍, അഹമ്മദ് നജീബ്, ഖദീജ, ഉമ്മുസല്‍മ, അനീസ, ജൗഹറ (പൊറൂര്‍ സ്‌കൂള്‍, തിരൂര്‍), പരേതനായ മുനീര്‍. മരുമക്കള്‍: ഡോ. സി മുഹമ്മദ് , ഹാരിസ്, മുഹമ്മദ്, അഫ്‌സല്‍ (ദുബയ്), റസിയ, നുസൈബ.

RELATED STORIES

Share it
Top