ചെമ്മണാമ്പതിയില്‍ ഒറ്റയാന്റെ ആക്രമണം; വീടുകള്‍ തകര്‍ത്തു

കൊല്ലങ്കോട്: മുതലമട തെന്മല താഴ്‌വരയില്‍ ചെമ്മണാമ്പതി മൊണ്ടിപതി മന്തക്കാട് പ്രദേശങ്ങളില്‍ വീണ്ടും ഒയാന്റെ പരാക്രമം. സഹോദരങ്ങളുടെ രണ്ടു വീടുകള്‍ തകര്‍ത്തു. വീട്ടുകാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മന്തക്കാട് വേലുസ്വാമി കൗണ്ടറിന്റെ മക്കളായ ശിവസുബ്രഹ്മണ്യം, ഗണേശ കൗണ്ടര്‍ എന്നിവരുടെ വീടുകളള്‍ക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണം നടന്നത്. ചൊവാഴ്ച രാത്രി 10.45 ഓടെ ഗണേശ കൗണ്ടറുടെ വീടിന്റെ മുന്നിലെത്തിയ കാട്ടാന ഓട്ടുപുര വീടിന്റെ മുന്‍ഭാഗം തകര്‍ത്തു. ഈ സമയം അമ്പത് കഴിഞ്ഞ ഗണേശ കൗണ്ടറും ഭാര്യ ശാന്തിയും വൃദ്ധയായ കുപ്പാത്താളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
ഒറ്റയാന്റെ പരാക്രമത്തില്‍ ജീവന്‍ നഷ്ടമാവുമെന്ന് കരുതിയതായി മൂവരും ഭീതിയോടെ പറയുന്നു. ബള്‍ബുകള്‍ ഓഫാക്കി മുറിയില്‍ ഇവര്‍ ഇരുന്നു. പുലര്‍ച്ച നാലര വരെ കാട്ടാന സമീപ പ്രദേശങ്ങളിലെ തെങ്ങ്, വാഴ, മാവ് എന്നിവ നശിപ്പിച്ചതായും വീട്ടുകാര്‍ പറഞ്ഞു. ആദ്യമെത്തിയ ഗണേശ കൗണ്ടറുടെ വീടിന്റെ 200 മീറ്റര്‍ അപ്പുറത്ത് താമസിക്കുന്ന ജ്യേഷ്ഠന്‍ ശിവസുബ്രഹ്മണ്യവും രുഗ്മണിയും താമസിക്കുന്ന വീടിന്റെ വാതില്‍ കൊമ്പു കൊണ്ട് കുത്തി പൊളിച്ചു.
മുറ്റത്തുള്ള പ്ലാവില്‍ നിന്നും ചക്ക പറിച്ചെടുത്ത് ഭക്ഷിച്ച ശേഷമാണ് ആന സ്ഥലംവിട്ടത്. ചൊവാഴ്ച്ച രാത്രി പത്തേമുക്കാലോടെ എത്തിയ ഒറ്റയാന്‍ ബുധനാഴ്ച നാലരവരെ വീടിന്റെ സമീപ പ്രദേശങ്ങളില്‍ നിലയുറപ്പിച്ചതായി പറയുന്നു.
കഴിഞ്ഞ ഒരാഴ് മുമ്പ് മൊണ്ടി പതിക്കാട്ടില്‍ മണിയുടെ ഓലപ്പുര ഒറ്റയാന തകര്‍ത്തിരുന്നു. പത്തു ദിവസം മുമ്പും വീടിന് സമീപം വരെ ആന എത്തിയിരുന്നതായും ശാന്തി പറഞ്ഞു. കൊല്ലങ്കോട് റൈഞ്ച് വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരെത്തി പടക്കം പൊട്ടിച്ചാണ് ആനയെ കാട്ടില്‍ കയറ്റിയത്. എന്നാല്‍ ചക്കപ്പഴത്തിന്റെ മധുരം നുകര്‍ന്ന കാട്ടാന വീണ്ടും എത്തുമെന്ന് പ്രദേശവാസികള്‍ ഭയപ്പെടുന്നു.

RELATED STORIES

Share it
Top