ചെമ്പു പൂശിയ വസ്ത്രം

20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് വൈദ്യശാസ്ത്രം പഴയ അന്ധവിശ്വാസങ്ങളൊക്കെ ഉപേക്ഷിച്ച് ആധുനികമാവാന്‍ തുടങ്ങിയത്. അതിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ കറുത്ത ഓവര്‍കോട്ട് വലിച്ചെറിഞ്ഞ് വെള്ള ആപ്രണ്‍ ധരിക്കാന്‍ തുടങ്ങി. വ്യാജ വൈദ്യന്‍മാരും മുറിവൈദ്യന്‍മാരും തനി തട്ടിപ്പുകാരുമൊക്കെ രോഗികളെ പിഴിഞ്ഞുകൊണ്ടിരിക്കുന്ന കാലമായതിനാല്‍ തങ്ങള്‍ അതില്‍നിന്നൊക്കെ വ്യത്യസ്തരാണെന്നു സൂചിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഗവേഷകര്‍ സാധാരണ ധരിച്ചിരുന്ന ആപ്രണ്‍ ഡോക്ടര്‍മാര്‍ സ്വീകരിക്കുന്നത് അങ്ങനെയാണ്. രോഗാണുനാശിനികളുടെ ഉപയോഗം വ്യാപകമായതോടെ വസ്ത്രത്തില്‍ അഴുക്കു തിരിച്ചറിയുന്നതും പ്രധാനമായി. വെള്ളയിലാണെങ്കില്‍ അഴുക്ക് വളരെ വേഗം തിരിച്ചറിയാന്‍ പറ്റും.
ഇപ്പോള്‍ ഡോക്ടര്‍മാര്‍ നീല, പച്ച ആപ്രണുകളാണു ധരിക്കാറ്. ഓപറേഷന്‍ തിയേറ്ററുകളിലെ വെള്ളിവെളിച്ചമുണ്ടാക്കുന്ന കണ്ണെരിച്ചില്‍ കുറയ്ക്കാനാണിത്. പിന്നെ വെള്ള വസ്ത്രം പകര്‍ച്ചവ്യാധി തടയുന്നതില്‍ വലിയ പങ്കൊന്നും വഹിക്കുന്നില്ല എന്ന അറിവും നിറംമാറ്റത്തിനു കാരണമായിരുന്നു. ആശുപത്രികളില്‍ രോഗം പകരുന്നത് നിസ്സാര കാര്യമല്ല. പരുത്തിവസ്ത്രങ്ങളില്‍ രോഗാണു എളുപ്പം പറ്റിപ്പിടിക്കാനുമിടയുണ്ട്. ചൈനീസ് സാങ്കേതിക വിദഗ്ധന്‍മാര്‍, ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളില്‍ ചെമ്പുകണികകള്‍ പുരട്ടുന്നതിനു പറ്റിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് ഈ പശ്ചാത്തലത്തിലാണ്. രോഗാണുക്കളെ പ്രതിരോധിക്കുന്ന ലോഹമാണ് ചെമ്പ്. സ്വര്‍ണം, വെള്ളി എന്നിവയ്ക്കും ഈ ഗുണമുണ്ടെങ്കിലും ചെമ്പിന് വില കുറവാണെന്ന മെച്ചമുണ്ട്.

RELATED STORIES

Share it
Top