ചെന്നൈ സിറ്റിയെ ഏഴില്‍ മുക്കി ഈസ്റ്റ് ബംഗാള്‍കൊല്‍ക്കത്ത: ഐ ലീഗില്‍ ഗോള്‍ മഴപെയ്യിച്ച് ഈസ്റ്റ് ബംഗാള്‍. ഇന്നലെ നടന്ന ആവേശപ്പോരില്‍ ചെന്നൈ സിറ്റിയെ ഒന്നിനെതിരേ ഏഴ് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാള്‍ തകര്‍ത്തുവിട്ടത്.  നൈജീരിയന്‍ മുന്നേറ്റതാരം ഡൂഡുവിന്റെ നാല് ഗോള്‍ നേട്ടമാണ് ചെന്നൈ സിറ്റിയെ നാണം കെടുത്തിയത്.  ആദ്യ പകുതിയില്‍ മൂന്നും രണ്ടാം പകുതിയില്‍ നാലും ഗോളുകള്‍ സന്ദര്‍ശകരുടെ വലയില്‍ നിക്ഷേപിച്ചാണ് ഈസ്റ്റ് ബംഗാള്‍ കരുത്തു കാട്ടിയത്. കളി തുടങ്ങി 20ാം മിനിറ്റില്‍ സിറിയന്‍ മിഡ്ഫീല്‍ഡര്‍ മഹ്മൂദ് അല്‍ അമ്‌നയുടെ ഗോളിലാണ് ബംഗാള്‍ മുന്നിലെത്തിയത.് മൂന്ന് മിനിറ്റുകള്‍ക്കകം ചെന്നൈ സിറ്റിയുടെ മിഡ്ഫീല്‍ഡര്‍ ധര്‍മരാജ് രാവണന്റെ സെല്‍ഫ് ഗോളിലൂടെ ഈസ്റ്റ് ബംഗാള്‍ 2-0ന് മുന്നിലെത്തി. നൈജീരിയന്‍ സ്‌ട്രൈക്കര്‍ ഡൂഡുവിന്റെ ആദ്യ ഗോളിലൂടെ ബംഗാള്‍ മൂന്നാം ഗോളും സ്വന്തമാക്കി. പിന്നീട് 49ാം മിനിറ്റിലും 56ാം മിനിറ്റിലും 61ാം മിനിറ്റിലും ഗോളുകള്‍ വാരിക്കൂട്ടിയ ഡുഡു ഈസ്റ്റ് ബംഗാളിന്റെ ഗോളടി മെഷീന്‍ ആയതോടെ ആതിഥേയര്‍ മികച്ച വിജയം തന്നെ മുന്നില്‍ കണ്ടു. അതിനിടയില്‍ 59ാം മിനിറ്റില്‍ മസ്ഹൂര്‍ ഷെറീഫ് ചെന്നൈയുടെ ആശ്വാസ ഗോള്‍ കണ്ടെത്തി. 84ാം മിനിറ്റില്‍ ഫെര്‍ണാണ്ടസിലൂടെ ഈസ്റ്റ് ബംഗാളിന്റെ അവസാന ഗോളും പിറന്നതോടെ ഈസ്റ്റ് ബംഗാള്‍ 7-1ന്റെ വിജയാരവം മുഴക്കി.ജയത്തോടെ ഈസ്റ്റ് ബംഗാള്‍ 29 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 16 പോയിന്റുള്ള ചെന്നൈ സിറ്റി എട്ടാം സ്ഥാനത്താണ്.

RELATED STORIES

Share it
Top