ചെട്ടിയാര്‍ കുളം സംരക്ഷിക്കാന്‍ നടപടികളില്ല

മഞ്ചേരി: മഞ്ചേരി-നിലമ്പൂര്‍ റോഡിലെ പുരാതനമായ ചെട്ട്യാര്‍കുളം സംരക്ഷിച്ച് ഉപയോഗപ്രദമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. വറ്റാത്ത നീരുറവയുള്ള കുളം ഉപയോഗപ്പെടുത്താന്‍ നിലവില്‍ പദ്ധതികളേതുമില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചെട്ടിയാര്‍ കുളം വേനലില്‍ പോലും വറ്റിയതായി വിവരമില്ലെന്നു നാട്ടുകാര്‍ പറയുന്നു.
റോഡരികില്‍ തന്നെയുള്ള കുളം നിരത്തിന്റെ നവീകരണം നടക്കുമ്പോഴെല്ലാം കൈയേറ്റത്തിന് പാത്രമായി ഇപ്പോള്‍ ചെറുകുളമായി മാറിയിട്ടുണ്ടെങ്കിലും വറ്റാത്ത നീരുറവ നിലനില്‍ക്കുന്നുണ്ട്. നഗരവാസികളുടെ അശ്രദ്ധമായ ഇടപെടലോടെ മാലിന്യ തള്ളല്‍കേന്ദ്രമായി മാറിയിരിക്കുകയാണ് പൊതു കുളം. അഗ്നിശമന സേനാ വിഭാഗം മാത്രമാണിപ്പോള്‍ കുളത്തിലെ ജല സമ്പത്ത് ഉപയോഗപ്പെടുത്തുന്നത്.
മേലാക്കം ഭാഗങ്ങളില്‍ വേനലാരംഭത്തില്‍ തന്നെ ജലക്ഷാമം രൂക്ഷമാവുമ്പോള്‍ പ്രദേശത്തെ ഈ തെളിനീരുറവ അവഗണിക്കപ്പെടുന്നതിനെതിരേ ജനരോഷം ശക്തമാണ്. കുളത്തിലെ ജല സമ്പത്ത് തദ്ദേശീയര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കെങ്കിലും ഉയോഗപ്പെടുത്താന്‍ നിലവില്‍ പദ്ധതികളില്ല.
വരള്‍ച്ച പ്രതിരോധത്തിനായി ലഭ്യമായ ജലം സംരക്ഷിച്ച് ഉപയോഗപ്പെടുത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നിലവിലുണ്ടെങ്കിലും ചെട്ടിയാര്‍ കുളത്തിന്റെ കാര്യത്തില്‍ ഇതെല്ലാം ജലരേഖയാണ്.

RELATED STORIES

Share it
Top