ചെങ്ങോടുമല സംരക്ഷിക്കണം: വെള്ളിയൂര്‍ എയുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി

പേരാമ്പ്ര:  ചെങ്ങോടുമലയെ  കരിങ്കല്‍ ഖനനത്തില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയൂര്‍ എയുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്കും വനം മന്ത്രി കെ രാജുവിനും തുറന്ന കത്തയച്ചു. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളുടേയും ഒപ്പോടുകൂടിയാണ് കത്തയച്ചത്.
ചെങ്ങോടു മലയിലെ താഴ്‌വാരത്ത് അങ്കണവാടി മുതല്‍ പ്ലസ്ടു വരെയുള്ള 15ല്‍ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ക്രഷര്‍ യൂനിറ്റില്‍ നിന്നുള്ള ഖനനം ഈ വിദ്യാലയങ്ങളില്‍ പോലും പൊടിപടലങ്ങള്‍ എത്താന്‍ കാരണമാവും. ഇത് തങ്ങളെ സിലിക്കോസിസ് ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക് അടിമകളാക്കുമെന്നും കത്തില്‍ പറയുന്നു.
ബോധവല്‍ക്കരണം, ഓപ്പണ്‍ കാന്‍വാസ്, ഫ്‌ലാഷ് മോബ്, എന്നിവ നടത്തും. 24 ന് നടക്കുന്ന മല സംരക്ഷണ വലയത്തില്‍ പങ്കെടുക്കാനും തീരുമാനിച്ചു.
നൊച്ചാട് പോസ്‌റ്റോഫിസിലെത്തി പോസ്റ്റ്മാന്‍ വി കെ ഭാസ്‌കരന് കുട്ടികള്‍ കത്ത് കൈമാറി. സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ വി എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ടി കെ നൗഷാദ് അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top