ചെങ്ങളായിയില്‍ ലീഗ്- ആര്‍എസ്എസ് സംഘര്‍ഷം

ശ്രീകണ്ഠപുരം: ചെങ്ങളായിയില്‍ ഹര്‍ത്താല്‍ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് മുസ്്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും ആര്‍എസ്എസുകാരനും പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. ഹര്‍ത്താല്‍ വിജയിപ്പിച്ചതിന് നന്ദിയര്‍പ്പിച്ച് ഒരുസംഘം യുവാക്കള്‍ പ്രകടനം നടത്തിയിരുന്നു.
ഇതിനിടെ മുക്കാടത്തുവച്ച് ആര്‍എസ്എസ് പ്രവര്‍ത്തകനായ കോയാടന്‍ കോറോത്ത് ശാംകുമാറിന്(26) മര്‍ദനമേറ്റു. ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് ചെങ്ങളായി ടൗണില്‍ ആര്‍എസ്എസ് പ്രകടനം നടത്തി. ഇതിനിടയിലാണ് മുസ്്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം ഉണ്ടായത്. പരിക്കേറ്റ മുക്കാളത്ത് മുബഷിര്‍ (24), നടുവിലകത്ത് ജസീല്‍ (23), അയ്യാരകത്ത് ഫഹീം (21) എന്നിവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിത ക്ലബ് ഓഫിസ് ആക്രമിക്കുകയും ചെയ്തു. ഇന്നലെ ചെങ്ങളായി ടൗണില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ ബിജെപി-ആര്‍എസ്എസ് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ വ്യാപാരികള്‍ കടകള്‍ തുറന്നു.

RELATED STORIES

Share it
Top