ചെങ്ങറ സമരത്തിന് സിപിഐയുടെ പരസ്യ പിന്തുണ

പത്തനംതിട്ട: ചെങ്ങറ സമരം ആരംഭിച്ച് 11 വര്‍ഷത്തിന് ശേഷം പരസ്യ പിണുണ അറിയിച്ച് സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍. വാസയോഗ്യമല്ലാത്ത ഭൂമിക്ക് പട്ടയം ലഭിച്ചതിന്റെ പേരില്‍ ചെങ്ങറ സമരഭൂമിയില്‍ നിന്നും ഒഴിവാക്കപ്പെട്ടവര്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെങ്ങറയില്‍ നടക്കുന്നത് ധര്‍മ്മ സമരമാണെന്ന്  എ പി ജയന്‍ അഭിപ്രായപ്പെട്ടു.
മരിച്ചാല്‍ കുഴിച്ചിടാന്‍ പോലും സ്ഥലമില്ലാതിരുന്ന സാഹചര്യത്തിലാണ് ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ ഭൂരഹിതര്‍ ചെങ്ങറയില്‍ സമരം ആരംഭിച്ചത്. ഗവണ്‍മെന്റ് അനുവദിച്ച പാട്ടക്കാലാവധി കഴിഞ്ഞിട്ടും വ്യാജ പ്രമാണങ്ങളും കള്ള രേഖകളും ചമച്ചും ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിയ കുത്തകകളുടെ കൈവശമുള്ള ഭൂമിയിലാണ് ഭൂരഹിതര്‍ കുടില്‍ കെട്ടി താമസമാക്കിയത്.  ചെങ്ങറ  സമരത്തിന് സിപിഐ പിന്തുണ നല്‍കുമെന്നും  പറഞ്ഞു.
ചെങ്ങറ സമരം ആരംഭിച്ച് 11 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നത്. 2009ല്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലത്ത് ചെങ്ങറ പാക്കേജില്‍ ഭൂമി അനുവദിച്ചത് ഉദ്യോഗസ്ഥരാണ്. ഉദേ്യാഗസ്ഥര്‍ അനുവദിച്ച ഭൂമിയില്‍ താമസിക്കാനായി ചെന്നപ്പോഴാണ് പലതും കിഴുക്കാംതൂക്കായതും പാറക്കെട്ടുകള്‍ നിറഞ്ഞതുമായ സ്ഥിതിയിലാണെന്ന് മനസ്സിലായത്.
ജില്ലാ ഭരണകൂടം ഈ പാവങ്ങളെ കാണാന്‍ തയ്യാറാകുന്നില്ല. ഇവര്‍ക്ക്  കലക്ടറെ കാണാനും വലിയ പ്രയാസമാണ്. എന്നാല്‍ പാവപ്പെട്ട ആളുകള്‍ക്ക് വകുപ്പ് മന്ത്രിയെ കാണാന്‍ പ്രയാസമുണ്ടായില്ലെന്ന് എ പി ജയന്‍ പറഞ്ഞു.
നിലവില്‍ ചെങ്ങറയില്‍ താമസിക്കുന്നവര്‍ അംബേദ്കര്‍ സ്മാരക മാതൃക ഗ്രാമവികസന സൊസൈറ്റി പ്രസിഡന്റ് ടി ആര്‍ ശശിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ സമരം ചെയ്യുന്നതിനിടെയാണ് സിപിഐയുടെ പിന്തുണ പ്രഖ്യാപനം.
ചെങ്ങറ പാക്കേജില്‍പ്പെട്ട് വിവിധ ജില്ലകളില്‍ വാസയോഗ്യമല്ലാത്ത ഭൂമി കിട്ടി വഞ്ചിതരായവരുടെ സമരം ഉദ്ഘാടനം ചെയ്യുമ്പോഴാണിത്. ചെങ്ങറയിലെ താമസക്കാരുടെ സമരം നടക്കുമ്പോള്‍ തന്നെ വഞ്ചിതരായവരുടെയും സമരം നടന്നത് ശ്രദ്ധേയമായി.

RELATED STORIES

Share it
Top