ചെങ്ങമനാട് ഗ്രാമപ്പഞ്ചായത്തില്‍ അവിശ്വാസം പാസായി

നെടുമ്പാശ്ശേരി: ചെങ്ങമനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം ബിജെപി പിന്തുണയോടെ പാസായി. ഇതോടെ സിപിഎമ്മിലെ പി ആര്‍ രാജേഷിനാണ് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. കെടുകാര്യസ്ഥത, തന്‍പ്രമാണിത്തം, സ്വജനപക്ഷപാതം, വികസന മുരടിപ്പ് തുടങ്ങിയവ ആരോപിച്ചാണ് കോണ്‍ഗ്രസിലെ ദിലീപ് കപ്രശ്ശേരിയുടെ നേതൃത്വത്തില്‍  യുഡിഎഫിലെ ആറ് അംഗങ്ങള്‍ അവിശ്വാസം കൊണ്ടുവന്നത്. പഞ്ചായത്തില്‍ മൊത്തം 18 അംഗങ്ങളാണുള്ളത്. സിപിഎം 6, യുഡിഎഫ്  6 (കോണ്‍ഗ്രസ് 5, മുസ്്‌ലിം ലീഗ് ഒന്ന്), ബിജെപി 5, എസ്ഡിപിഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. ഇന്നലെ രാവിലെ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് കെ കെ രാജപ്പന്റെ അധ്യക്ഷതയില്‍ ഗ്രാമപ്പഞ്ചായത്ത് ഹാളിലാണ് അവിശ്വസം ചര്‍ച്ചക്കെടുത്തത്. ദിലീപും രാജേഷും ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന വോട്ടെടുപ്പിലാണ് ആറിനെതിരേ 11 വോട്ടുകള്‍ക്ക് അവിശ്വാസം പാസായത്. സിപിഎമ്മിലെ 6 അംഗങ്ങള്‍ അവിശ്വാസത്തെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍, കോണ്‍ഗ്രസിലെയും ബിജെപിയിലേയും അംഗങ്ങള്‍ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു. എസ്ഡിപിഐ അംഗത്തിന്റ വോട്ട് അസാധുവായി. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് വരെ വൈസ് പ്രസിഡന്റായ കോണ്‍ഗ്രസിലെ ആശ ഏല്യാസായിരിക്കും പ്രസിഡന്റിന്റെ ചുമതല വഹിക്കുക. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന തിയ്യതി ഒരു മാസത്തിനകം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. അതിനിടെ സെക്ഷന്‍ 157 പ്രകാരം അവിശ്വാസ പ്രമേയത്തിന്റെ കോപ്പി ഏഴ് ദിവസം മുമ്പ് അംഗങ്ങള്‍ക്ക് നല്‍കണമെന്ന വ്യവസ്ഥ ലംഘിച്ചാണ് വോട്ടെടുപ്പ് നടത്തിയതെന്നും ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് രാജേഷ് പറഞ്ഞു.പഞ്ചായത്ത് ഭരണം ആരംഭിച്ചപ്പോള്‍ മുതലുള്ള കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് അവിശ്വാസത്തിലൂടെ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. അവിശ്വാസത്തിന്റെ സാഹചര്യമെന്താണെന്ന് ഇരുകക്ഷികളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചുരുങ്ങിയ കാലയളവില്‍ പഞ്ചായത്തില്‍ മാലിന്യ നിര്‍മാര്‍ജനം, ഭവനം, ആരോഗ്യ, അടിസ്ഥാന വികസന ക്ഷേമ പദ്ധതികളടക്കം നടപ്പാക്കുന്നതിന് ജനങ്ങളോടൊപ്പം നിന്നാണ് പ്രവര്‍ത്തിച്ചതെന്നും രാജേഷ് പറഞ്ഞു.അവിശ്വാസ ചര്‍ച്ചയില്‍ രാജേഷ് നടത്തിയ ചെയ്തികളും പോരായ്മകളും 15 മിനിറ്റോളം താന്‍ അക്കമിട്ട നിരത്തിയെങ്കിലും ഒരു കാര്യത്തില്‍പോലും മറുപടി പറയാന്‍ സാധിച്ചില്ലെന്ന് അവിശ്വാസം കൊണ്ട് വന്ന കോണ്‍ഗ്രസ് അംഗം ദിലീപ് കപ്രശ്ശേരി കുറ്റപ്പെടുത്തി. അംഗങ്ങളെ പരസ്യമായി അപമാനിക്കുന്നതു പതിവായതോടെയാണ് ജനാധിപത്യ രീതിയില്‍ അവിശ്വാസം കൊണ്ട് വന്നതെന്നും ദിലീപ് പറഞ്ഞു.അന്ധമായ രാഷ്ട്രീയവും വികസനത്തിലെ വികലമായ കാഴ്ചപ്പാടും വൈകാരികമായ സമീപനവുമാണ് രാജേഷിനെതിരേ വന്ന അവിശ്വാസത്തെ ബിജെപി അംഗങ്ങള്‍ അനുകൂലിക്കാനിടയാക്കിയതെന്ന് ബിജെപി മുതിര്‍ന്ന അംഗം എം ബി രവി പറഞ്ഞു. ചെങ്ങമനാട് ഗ്രാമപ്പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ കോണ്‍ഗ്രസ് ഭരിക്കുന്ന പ്രശ്‌നമില്ലെന്ന് നെടുമ്പാശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വ്യക്തമാക്കി. ബിജെപിയെന്ന ഉമ്മാക്കി കാട്ടി പഞ്ചായത്ത് ഭരണത്തില്‍ അഴിമതിയും ഏകാധിപത്യ നടപടികളും തുടരാമെന്ന സിപിഎം പഞ്ചായത്ത് പ്രസിഡന്റിന്റെ ധാര്‍ഷ്ഠ്യത്തിനുള്ള തിരിച്ചടിയാണ്  ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റിനെതിരേയുള്ള  അവിശ്വാസ പ്രമേയത്തിന്റെ വിജയമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്‍ എം അമീര്‍ പറഞ്ഞു.ബിജെപിയുമായി കൂട്ടുകൂടാന്‍ മടികാണിക്കാത്ത കോണ്‍ഗ്രസിന്റെ വികൃതമുഖമാണ് ചെങ്ങമനാട് പഞ്ചായത്തിലെ അവിശ്വാസപ്രമേയത്തില്‍ കണ്ടതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് പറഞ്ഞു.കോണ്‍ഗ്രസിന്റെ ഫാഷിസ്റ്റ് വിരുദ്ധ, ബിജെപി വിരുദ്ധ മുദ്രാവാക്യത്തിന്റെ കാപട്യമാണ് ഇതിലൂടെ വെളിവാകുന്നത്. താല്‍ക്കാലിക നേട്ടത്തിനായി എന്തു വൃത്തികേടും ചെയ്യാന്‍ കോണ്‍ഗ്രസ് മടിക്കില്ലെന്നും ഇത് വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ നിലപാട് വ്യക്തമാക്കണമെന്നും പി രാജീവ് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top