ചെങ്ങന്നൂര്‍: മാണിയുടെ തീരുമാനം ഇന്നറിയാം

കോട്ടയം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്സി(എം)ന്റെ പിന്തുണ തേടി യുഡിഎഫ് സംഘം ചെയര്‍മാന്‍ കെ എം മാണിയുമായി കൂടിക്കാഴ്ച നടത്തി. പാലായിലെ വസതിയില്‍ ഇന്നലെ ഉച്ചയ്ക്കുശേഷമായിരുന്നു കൂടിക്കാഴ്ച. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം എം ഹസന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്‌ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കേരളാ കോണ്‍ഗ്രസ് പ്രതിനിധിയായി ജോസ് കെ മാണി എംപി മാത്രമാണ് ഉണ്ടായിരുന്നത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) നിലപാട് മാണി പ്രഖ്യാപിക്കാനിരിക്കെയാണ് മണിക്കൂറുകള്‍ക്കു മുമ്പ് യുഡിഎഫ് സംഘമെത്തിയത് എന്നതു നിര്‍ണായകമാണ്.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്സി(എം)ന്റെ പിന്തുണ യുഡിഎഫ് സ്ഥാനാര്‍ഥിക്കു നല്‍കണമെന്ന് നേതാക്കള്‍ കെ എം മാണിയോട് അഭ്യര്‍ഥിച്ചു. മാണി യുഡിഎഫിലേക്ക് മടങ്ങിവരണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്സിന്റെ നിലപാട് തീരുമാനിക്കാന്‍ നിയോഗിച്ച ഉപസമിതി യോഗം ഇന്നു ചേരുമെന്നും അതിനുശേഷം ആര്‍ക്കൊപ്പമെന്ന് പ്രഖ്യാപനം നടത്തുമെന്നുമായിരുന്നു കെ എം മാണിയുടെ പ്രതികരണം.
അതേസമയം, ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്കിടെ കെ എം മാണി, കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫുമായി വിഷയം ഫോണില്‍ സംസാരിക്കുകയും ചെയ്തു. യുഡിഎഫ് നേതാക്കളുമായുള്ള കൂടിക്കാഴ്ച പ്രാധാന്യമുള്ളതെന്നായിരുന്നു പി ജെ ജോസഫ് ഇതേക്കുറിച്ച് പിന്നീട് പ്രതികരിച്ചത്. കൂടിക്കാഴ്ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇന്നു വ്യക്തമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top