ചെങ്ങന്നൂര്‍: തിയ്യതി പ്രഖ്യാപിക്കാത്തതില്‍ മുന്നണികള്‍ക്കു നിരാശ

എ   ജയകുമാര്‍
ചെങ്ങന്നൂര്‍: കര്‍ണാടക തിരഞ്ഞെടുപ്പ് തീയ്യതിയോടൊപ്പം ചൊവ്വാഴ്ച ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയില്‍ തിരഞ്ഞെടുപ്പു ഗോദയില്‍ ആവേശഭരിതരായി പ്രവര്‍ത്തിച്ചിരുന്ന മുന്നണികള്‍ക്കു നിരാശ. കര്‍ണാടക തിരഞ്ഞെടുപ്പിന്റെ തിയ്യതി മാത്രം പ്രഖ്യാപിച്ച് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്നറിയിച്ചതാണ് മുന്നണികളെയും അണികളെയും നിരാശരാക്കിയത്. കനത്ത ചൂടിനെപ്പോലും അവഗണിച്ച് ആവേശത്തില്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ തീരുമാനം അനിശ്ചിതമായി നീളുന്നതോടെ നിരാശരാവുകയാണ്.
മൂന്ന് പ്രമുഖ മുന്നണികളുടെയും സംസ്ഥാന നേതാക്കളുള്‍പ്പെടെ മണ്ഡലത്തില്‍ ക്യാംപ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അണികളെ ആവേശം ചോരാതെ പിടിച്ചുനിര്‍ത്താനും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പോരായ്മയുണ്ടാവാതെ നോക്കാനും സ്ഥാനാര്‍ഥികളും പെടാപ്പാട് പെടുന്നതിനിടെയാണ് ഇവരെയെല്ലാം നിരാശരാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പെത്തുന്നത്.
അതേസമയം സംസ്ഥാനവും കേന്ദ്രനേതൃത്വവും ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കി ചെറു പാര്‍ട്ടികള്‍ മുതല്‍ സംഘടനകള്‍ വരെ സമ്മര്‍ദ്ദതന്ത്രവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് മുന്നണി വിട്ട അവസ്ഥയിലാണുള്ളത്. മറിച്ചു ചിന്തിക്കണമെങ്കില്‍ അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന കടുത്ത നിലപാടിലാണ് ബിഡിജെഎസുള്ളത്. തിരഞ്ഞെടുപ്പില്‍ ബിഡി ജെഎസിനെ കൈവിട്ട് ബിജെപി തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങില്ല എന്നതാണ് ഈ സമ്മര്‍ദത്തിന്റെ പിന്നിലുള്ള ലക്ഷ്യം. കെ എം മാണിയുടെ കേരളാ കോണ്‍ഗ്രസ്സിന്റെയും സ്ഥിതി മറിച്ചല്ല.
ചെങ്ങന്നൂര്‍, തിരുവന്‍വണ്ടൂര്‍, എന്നിവിടങ്ങളില്‍ മാണി കോണ്‍ഗ്രസ്സിന് സ്വാധീനമുണ്ട്. എന്നാല്‍ കെ എം മാണിയുടെ പുതിയ രാഷ്ട്രീയ നീക്കങ്ങളോട് അണികള്‍ക്ക് നീരസവുമുണ്ട്. അതിനാല്‍ ഏതെങ്കിലും ഒരു മുന്നണിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച് പിന്നീട് പരാജയം രുചിക്കേണ്ടിവന്നാല്‍ തന്റെയും പാര്‍ട്ടിയുടെയും നിലനില്‍പ്പിനെ അത് ദോഷകരമായി ബാധിക്കുമെന്നും മാണിക്കുറപ്പുണ്ട്. അതുകൊണ്ടാണ് തന്റെയും പാര്‍ട്ടിയുടെയും പിന്തുണ ജയിക്കുന്ന പാര്‍ട്ടിക്കെന്ന് ഒഴുക്കന്‍ മറുപടി പറഞ്ഞ് മാണിയും തലയൂരിയത്.
എസ്‌യുസിഐ, ആം ആദ്മി പാര്‍ട്ടി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവരെല്ലാം സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. വിശ്വകര്‍മ, ബിഡിജെഎസ് എന്നിവരും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും എന്നാണു നിലപാട്.
ഈ ചെറു പാര്‍ട്ടികളുടെയെല്ലാം അടിസ്ഥാന ആവശ്യം തങ്ങള്‍ക്കു മുന്നണികളില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്നതാണ്. അതേസമയം തന്നെ വോട്ട് ബഹിഷ്‌കരണവുമായി ചില പ്രദേശങ്ങളും രംഗത്തെത്തിയിട്ടുണ്ട്. കുടിവെള്ളക്ഷാമം, റോഡ് നിര്‍മാണം, വൈദ്യുതീകരണം തുടങ്ങിയ കാര്യങ്ങളില്‍ ജനപ്രതിനിധികളുടെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ വോട്ട് ബഹിഷ്‌കരിക്കുമെന്നും പല പ്രദേശങ്ങളിലും അവകാശവാദം ഉണ്ടായിട്ടുണ്ട്.

RELATED STORIES

Share it
Top