ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ പിന്തുണകേരളാ കോണ്‍ഗ്രസ്സില്‍ ഭിന്നത രൂക്ഷം; സ്റ്റിയറിങ് കമ്മിറ്റിയിലും തീരുമാനമായില്ല

കോട്ടയം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടിനെച്ചൊല്ലി കേരളാ കോണ്‍ഗ്രസ്സി (എം)ല്‍ രൂക്ഷമായ അഭിപ്രായഭിന്നത. തര്‍ക്കത്തെത്തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനമാവാതെ പിരിഞ്ഞു.
പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫും മോന്‍സ് ജോസഫും അമര്‍ഷം പരസ്യമാക്കി വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ചു. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ചെങ്ങന്നൂരില്‍ ഏത് മുന്നണിക്ക് പിന്തുണ നല്‍കണമെന്നതിനെക്കുറിച്ച് തീരുമാനമെടുക്കാന്‍ ഒമ്പതംഗ ഉപസമിതിയെ സ്റ്റിയറിങ് കമ്മിറ്റി യോഗം ചുമതലപ്പെടുത്തി.
എംപിമാരായ ജോസ് കെ മാണി, ജോയ് എബ്രഹാം, എംഎല്‍എമാരായ കെ എം മാണി, സി എഫ് തോമസ്, പി ജെ ജോസഫ്, മോന്‍സ് ജോസഫ്, എന്‍ ജയരാജ്, റോഷി അഗസ്റ്റിന്‍, കേരളാ കോണ്‍ഗ്രസ് സംസ്ഥാന ഖജാഞ്ചി തോമസ് ജോസഫ് എന്നിവരടങ്ങുന്നതാണ് ഉപസമിതി. തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിശദമായ വിലയിരുത്തലുകള്‍ നടത്തി ഒരാഴ്ചയ്ക്കകം ഉപസമിതി പാര്‍ട്ടിക്ക് റിപോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാവും ആര്‍ക്ക് പിന്തുണ നല്‍കണമെന്നു തീരുമാനിക്കുക.
ചെങ്ങന്നൂരില്‍ എല്‍ഡിഎഫുമായി സഹകരിക്കണമെന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങളാണ് യോഗത്തില്‍ മാണിയും കൂട്ടരും നടത്തിയത്. എന്നാല്‍, പി ജെ ജോസഫ്, മോന്‍സ് ജോസഫ് ഉള്‍പ്പെടെയുള്ളവരാണ് മാണിയുടെ നീക്കത്തെ ശക്തമായി എതിര്‍ത്തത്. ചെങ്ങന്നൂരില്‍ യുഡിഎഫുമായി സഹകരിക്കണമെന്ന അഭിപ്രായമാണ് പി ജെ ജോസഫ് അടക്കമുള്ളവര്‍ക്കുള്ളത്. അതേസമയം, പിന്തുണ സംബന്ധിച്ച് പാര്‍ട്ടിയില്‍ യാതൊരുവിധ അഭിപ്രായവ്യത്യാസവുമില്ലെന്ന് ചെയര്‍മാന്‍ കെ എം മാണി. വ്യത്യസ്ത അഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. ഭിന്നതയുണ്ടെന്നത് മാധ്യമങ്ങളുടെ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top