ചെങ്ങന്നൂര്‍ ഇന്ന് വിധിയെഴുതും; 1,99,340 വോട്ടര്‍മാര്‍ ബൂത്തിലേക്ക്

എ   ജയകുമാര്‍
ചെങ്ങന്നൂര്‍: മാസങ്ങള്‍ നീണ്ട പ്രചാരണങ്ങള്‍ക്ക് അവസാനം കുറിച്ച് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഇന്ന്. മണ്ഡലത്തിലെ 1,99,340  വോട്ടര്‍മാരാണ് ഇന്നു തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇതില്‍ 92,919 പുരുഷ വോട്ടര്‍മാരും 1,06,421 സ്ത്രീ വോട്ടര്‍മാരുമാണ്. രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
തുടര്‍ച്ചയായി 11 മണിക്കൂര്‍ സമയം വോട്ടെടുപ്പ് നീണ്ടുനില്‍ക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ നിന്നും വിജയിച്ച എല്‍ഡിഎഫിലെ കെ കെ രാമചന്ദ്രന്‍ നായര്‍ കഴിഞ്ഞ ജനുവരി 14ന് നിര്യാതനായതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
യുഡിഎഫ് സ്ഥാനാര്‍ഥി വിജയകുമാര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍, എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. ശ്രീധരന്‍ പിള്ള എന്നീ പ്രമുഖ സ്ഥാനാര്‍ഥികളടക്കം നോട്ടയുള്‍െപ്പടെ 18 സ്ഥാനാര്‍ഥികളാണ് ഇക്കുറി മല്‍സരരംഗത്തുള്ളത്.
ദേശീയ നേതാക്കളടക്കം മൂന്നു മുന്നണികള്‍ക്കു വേണ്ടിയും മണ്ഡലത്തില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കെത്തിയിരുന്നു. വോട്ടെടുപ്പ് സമാധാനപരമായിരിക്കാന്‍ എല്ലാ സജ്ജീകരണങ്ങളും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിന് അവസരമൊരുക്കുന്നതിനായി ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഇന്ന് പൊതു അവധിയും നല്‍കിയിരിക്കുകയാണ്. മണ്ഡലത്തില്‍ 181 പോളിങ് ബൂത്തുകളാണുള്ളത്. ഇതില്‍ എട്ടെണ്ണം നഗരപ്രദേശത്തും 80 എണ്ണം ഗ്രാമപ്രദേശത്തുമാണ്. എല്ലാ പോളിങ് ബൂത്തുകളിലും വിവിപാറ്റ് ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയും ഈ ഉപതിരഞ്ഞെടുപ്പിനുണ്ട്. ചെയ്ത വോട്ട് ആര്‍ക്കാണെന്നു സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനമാണിത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ പോളിങ് ശതമാനം 74.36 ആയിരുന്നു.
അന്നുണ്ടായിരുന്ന 1,95,493 വോട്ടര്‍മാരില്‍ 1,43,363 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. അന്നു ജില്ലയിലെ ശരാശരി പോളിങ് 79.88 ശതമാനമായിരുന്നു.
2014ലെ ലോക്‌സഭാ പൊതുതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ പോളിങ് 67.73 ശതമാനവും ജില്ലയിലെ ശരാശരി 76.83 ശതമാനവുമായിരുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 71.18 ശതമാനവും 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 67.67 ശതമാനവും ആയിരുന്നു മണ്ഡലത്തിലെ പോളിങ്. അന്നു ജില്ലയിലെ ശരാശരി പോളിങ് യഥാക്രമം 79.11 ശതമാനവും 77.17 ശതമാനവും ആയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ഓരോ രണ്ടു മണിക്കൂര്‍ ഇടവിട്ട് പോളിങ് ഓഫിസേഴ്‌സ് പോളിങ് ശതമാനം എസ്എംഎസായി അയക്കും.

RELATED STORIES

Share it
Top