ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് മെയ് 28ന്; വിജ്ഞാപനം മൂന്നിന്‌

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മെയ് 28ന്. 31നാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം മെയ് മൂന്നിന് പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി മെയ് 10 ആണ്. പത്രികകളുടെ സൂക്ഷ്മപരിശോധന 11ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി മെയ് 14.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ പെരുമാറ്റച്ചട്ടം നിലവില്‍വന്നു. ഇത്തവണ വോട്ടിന് രശീതി ലഭിക്കുന്ന വിവിപാറ്റ് സംവിധാനം ഉണ്ടാവുമെന്നും ഉപതിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
മണ്ഡലത്തില്‍ 164 പോളിങ് ബൂത്തുകളാണുള്ളത്. എല്ലായിടത്തും വിവിപാറ്റ് സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. 2018 ജനുവരിയിലെ വോട്ടേഴ്‌സ് ലിസ്റ്റ് പ്രകാരമായിരിക്കും തിരഞ്ഞെടുപ്പ്. 1,88,702 വോട്ടര്‍മാരാണ് ചെങ്ങന്നൂര്‍ മണ്ഡലത്തിലുള്ളത്. ഇതില്‍ 87,795 പുരുഷന്‍മാരും 1,00,907 സ്ത്രീകളുമാണ്. 228 എന്‍ആര്‍ഐ വോട്ടര്‍മാരുമുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണെന്നും ഇവിഎം മെഷീനുകളുടെ ആദ്യ രണ്ടുഘട്ട പരിശോധന കഴിഞ്ഞതായും ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ടിക്കാറാം മീണ പറഞ്ഞു.
ചെങ്ങന്നൂരില്‍ മൂന്ന് പ്രമുഖ മുന്നണികളും അവരുടെ സ്ഥാനാര്‍ഥികളെ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായ സജി ചെറിയാനെയാണ് എല്‍ഡിഎഫ് രംഗത്തിറക്കുന്നത്. അയ്യപ്പസേവാ സംഘം നേതാവും കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവുമായ ഡി വിജയകുമാറാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ദേശീയ നിര്‍വാഹക സമിതിയംഗം പി ശ്രീധരന്‍പിള്ളയെയാണ് ബിജെപി കളത്തിലിറക്കുന്നത്.
ഉപതിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലയിരുത്തലായി കാണും എന്നതുകൊണ്ടു തന്നെ ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ചെങ്ങന്നൂര്‍ നിര്‍ണായകമാണ്. 2015 മുതല്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് സജി ചെറിയാന്‍. ചെങ്ങന്നൂര്‍ സ്വദേശിയാണ്. 2006ല്‍ ചെങ്ങന്നൂരില്‍ നിന്ന് അദ്ദേഹം നിയമസഭയിലേക്കു മല്‍സരിച്ച് പി സി വിഷ്ണുനാഥിനോട് പരാജയപ്പെട്ടിരുന്നു.
പ്രാദേശികമായുള്ള ജനസമ്മതിയാണ് വിജയകുമാറിന് നറുക്കു വീഴാന്‍ കാരണം. ചങ്ങനാശ്ശേരി എന്‍എസ്എസ് കോളജില്‍ കെഎസ്‌യു യൂനിറ്റ് വൈസ് പ്രസിഡന്റായാണ് വിജയകുമാര്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് ചെങ്ങന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ആലപ്പുഴ ഡിസിസി ജനറല്‍ സെക്രട്ടറി, ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, കെപിസിസി അംഗം, നിര്‍വാഹക സമിതിയംഗം എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചു.
വലതുപക്ഷ സവര്‍ണ വോട്ടുകളിലൂടെ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ശ്രീധരന്‍പിള്ളയെ ബിജെപി സ്ഥാനാര്‍ഥിയാക്കിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മികച്ച മല്‍സരം കാഴ്ചവയ്ക്കാന്‍ പിള്ളയ്ക്കു കഴിഞ്ഞിരുന്നു.

RELATED STORIES

Share it
Top