ചെങ്ങന്നൂരില്‍ പിക്കപ്പ് വാന്‍ ബസ്സിലിടിച്ച് നാലുപേര്‍ മരിച്ചു

ചെങ്ങന്നൂര്‍: മുളക്കുഴ എംസി റോഡില്‍ പിക്കപ്പ് വാന്‍ ബസ്സിലിടിച്ച് നാലുപേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ സീവ്യൂ വാര്‍ഡില്‍ പുതുപ്പുരയിടത്തില്‍ ഇബ്രാഹീമിന്റെ മകന്‍ സജീവ് (37), മരുമകന്‍ ആസാദ് (47), സഹോദരന്‍ ബാബു (41), സീവ്യൂ വാര്‍ഡില്‍ പള്ളിപ്പുരയിടത്തില്‍ ബാബുകോയ (44) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 6.15ന് മുളക്കുഴ ഇലക്ട്രിസിറ്റി ഓഫിസിനു സമീപമായിരുന്നു അപകടം.
ലോക്കര്‍ ജോലി ചെയ്തിരുന്ന ഖലാസി പ്രവര്‍ത്തകരായിരുന്ന ഇവര്‍ കരുനാഗപ്പള്ളിയില്‍ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്നു. ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നു പുറപ്പെട്ട കോട്ട-പത്തനംതിട്ട ബസ്സിലാണ് പിക്കപ്പ് വാന്‍ മുഖാമുഖം ഇടിച്ചത്. ബസ് യാത്രക്കാരായിരുന്ന ജോസഫ്, ജിത ജോസഫ്, മണിക് ആസാദ്, ഏലിയാമ്മ, കോയ, ജാഫര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വാന്‍ ഓടിച്ചിരുന്ന ആള്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
വാന്‍ അമിതവേഗത്തില്‍ നിയന്ത്രണംതെറ്റി പാഞ്ഞുവരുന്നതു കണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ്സിന്റെ വേഗം കുറച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല. സംഭവസ്ഥലത്തു വച്ചുതന്നെ മൂന്നുപേര്‍ മരിച്ചു. ഒരാള്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. ബസ് യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. ഷാമിലയാണ് സജീവിന്റെ ഭാര്യ. ആറു വയസ്സുകാരി സഫ, മൂന്നു വയസ്സുകാരി ഷിഫ എന്നിവര്‍ മക്കളാണ്.
ബാബു ഇബ്രാഹീമിന്റെ ഭാര്യ ആരിഫ. മക്കള്‍: തസ്‌നി, ഇര്‍ഫാന. സൗമ്യയാണ് ബാബുകോയയുടെ ഭാര്യ. ആദിഷ്, തമന്ന, അന്‍സര്‍ എന്നിവര്‍ മക്കള്‍. നജ്മുന്നീസയാണ് ആസാദിന്റെ ഭാര്യ. ആദില്‍ ഐഷ, ആയിഫ് എന്നിവര്‍ മക്കളാണ്. നാലുപേരുടെയും മൃതദേഹം ആലപ്പുഴ പടിഞ്ഞാറെ ഷാഫി ജുമാമസ്ജിദില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.

RELATED STORIES

Share it
Top