ചെങ്ങന്നൂരില്‍ ആര്‍എസ്എസിന്റെ വോട്ട് തട്ടിയെടുക്കാന്‍ സിപിഎം ശ്രമം: കെ പി എ മജീദ്

മലപ്പുറം:   ആര്‍എസ്എസിനെ എതിര്‍ക്കുന്ന സിപിഎം പിന്‍വാതിലൂടെ അവരുടെ വോട്ടു തട്ടാനാണ് ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. ഇത് ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ തിരിച്ചറിയും.  ലോക്കപ്പ് മര്‍ദ്ദനത്തിനും അക്രമ രാഷ്ട്രീയത്തിനുമെതിരെ യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ  അഭ്യന്തര വകുപ്പിന്റെ നിലപാടുകള്‍ ഏറെ അപഹാസ്യമാണ്.  നിയമം സംരക്ഷിക്കേണ്ടവര്‍ പോലും കൊലപാതകികളായി മാറി. കസ്റ്റഡി മരണങ്ങളും ലോക്കപ്പ് മര്‍ദ്ദനങ്ങളും നിത്യസംഭവമായി. സിപിഎമ്മിന്റെ കൊലപാത രാഷ്ട്രീയത്തെ അഭ്യന്തര വകുപ്പില്‍ ലയിപ്പിക്കുകയാണ് പിണറായി വിജയന്‍ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ കഴിഞ്ഞ ദിവസം മണിക്കൂറിടവിട്ടാണ് കൊലപാതകങ്ങള്‍ നടന്നത്. ഇതിനു കടിഞ്ഞാണിടാന്‍ പോലും കഴിയാത്ത മുഖ്യമന്തിയുടെ അവസ്ഥ വന്‍പരാജയമാണ്. മജീദ് പറഞ്ഞു.
യുഡിഎഫ് വലിയ ഭൂരിപക്ഷത്തിന് ചെങ്ങന്നൂരില്‍ വിജയിക്കുമെന്ന് കെ പി എ മജീദ് കൂട്ടിചേര്‍ത്തു. യുഡിഎഫ് ചെയര്‍മാന്‍ ചെയര്‍മാന്‍ പി ടി അജയമോഹന്‍ അധ്യക്ഷത വഹിച്ചു.മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു എ ലത്തീഫ്, ഡിസിസി പ്രസഡന്റ് അഡ്വ. വി വി പ്രകാശ്, എംഎല്‍എമാരായ കെ എന്‍ എ ഖാദര്‍, പി കെ അബ്ദുറബ്ബ്, എം ഉമര്‍, പി അബ്ദുല്‍ ഹമീദ്, മഞ്ഞളാംകുഴി അലി, പി കെ ബഷീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, സലീം കുരുവമ്പലം, ഉമര്‍ അറക്കല്‍, പി കെ സി അബ്ദുറഹിമാന്‍, നൗഷാദ് മണ്ണിശ്ശേരി, ഇ മുഹമ്മദ് കുഞ്ഞി, കെ പി അനസ്, വെന്നിയൂര്‍ മുഹമ്മദ് കുട്ടി, വാസു കാരയില്‍, ഒ ജെ ബിജു, സി മുഹമ്മദലി, ഇസ്മാഈല്‍ പി മുത്തേടം, കെ പി അബ്ദുല്‍ മജീദ്,  വി എ കരീം സംസാരിച്ചു.

RELATED STORIES

Share it
Top